kozhikode local

ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു ; ആര്‍എംഎസ് ഓഫിസിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു



വടകര: നിരന്തരം ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും സ്ഥലംമാറ്റുകയും ചെയ്യുന്നത് വടകര ആര്‍എംഎസ് ഓഫിസിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു. കോഴിക്കോട്ടേക്ക് രണ്ടു ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ നിയോഗിച്ചതോടെ ആയിരക്കണക്കിന് തപാല്‍ ഉരുപ്പടികളാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. രജിസ്‌ട്രേഡ് തപാല്‍, ഇന്റര്‍വ്യൂ കാര്‍ഡുകള്‍, സര്‍ക്കാര്‍ അറിയിപ്പുകള്‍, ബിസിനസ് പാര്‍സലുകള്‍ തുടങ്ങിയവയെല്ലാം ഇതിലുണ്ട്. ഏതാണ്ട് മുപ്പതിനായിരത്തോളം തപാല്‍ ഉരുപ്പടികള്‍ തരം തിരിക്കാതെ കെട്ടിക്കിടക്കുകയാണ്. ഓരോ ദിവസവും അയ്യായിരവും ആറായിരവും തപാല്‍ ഉരുപ്പടികളാണ് പുതുതായി ഇവിടെയെത്തുന്നത്. എന്നാല്‍ തപാല്‍ ഉരുപ്പടികള്‍ തരം തിരിക്കുന്നതിന് രാത്രികാല ഷിഫ്റ്റാണ് ഇവിടെയുള്ളത്. രണ്ടു ഷിഫ്റ്റുകളിലായി നേരത്തെ നാല് സോര്‍ട്ടിങ് അസിസ്റ്റന്റുമാര്‍വീതം ഇവിടെ ജോലിചെയ്തിരുന്നു. ഇത് പിന്നീട് മൂന്നായി കുറഞ്ഞു. ഏറ്റവുമൊടുവില്‍ രണ്ടു പേരെ കോഴിക്കോട്ടേക്ക് മാറ്റിയതോടെ ഒരു ഷിഫ്റ്റില്‍ രണ്ടുപേരായി ചുരുങ്ങി. ഒരാള്‍ അവധിയായാല്‍ ആയിരക്കണക്കിന് തപാല്‍ ഉരുപ്പടികള്‍ തരംതിരിക്കുന്നതിന് ഒരാള്‍ മാത്രമാണുണ്ടാവുക. ഇതോടെയാണ് ഉരുപ്പടികള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങിയത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനസമയമായതിനാല്‍ ഇന്റര്‍വ്യൂ കാര്‍ഡുകളും മറ്റും അപേക്ഷകര്‍ക്ക് കൃത്യസമയത്ത് എത്തിച്ചുകൊടുക്കേണ്ടതുണ്ട്. ഇതിനിടയില്‍ ആര്‍എംഎസ് ഓഫിസ് പ്രവര്‍ത്തനം താറുമാറായതില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. വടകര താലൂക്ക് പൂര്‍ണമായും കൊയിലാണ്ടി താലൂക്ക് ഭാഗികമായും മാഹിയും ഉള്‍പ്പെടുന്നതാണ് വടകര ആര്‍എംഎസ് ഓഫിസിന്റെ പ്രവര്‍ത്തന പരിധി. നേരത്തെ ഈ ഓഫീസ് പൂട്ടാന്‍ നീക്കംനടന്നിരുന്നു. ജനപ്രതിനിധികള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഈ നീക്കം പരാജയപ്പെട്ടത്.
Next Story

RELATED STORIES

Share it