thrissur local

ജീവനക്കാരെ നാസിക്കിലേക്ക് സ്ഥലം മാറ്റുന്നതിനെതിരേയുള്ള സ്റ്റേ നടപടി നീട്ടി

ചാലക്കുടി: കൊരട്ടി ഗവ.പ്രസ്സിലെ ജീവനക്കാരെ നാസിക്കിലുള്ള പ്രസ്സിലേക്ക് സ്ഥലം മാറ്റുന്നതിനെതിരെയുള്ള സ്റ്റേ നടപടി നീട്ടി. സ്ഥലം മാറ്റ നടപടിക്കെതിരേ ജീവനക്കാര്‍ നേരത്തേ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ജൂലൈ 16 വരെ നടപടി നിര്‍ത്തിവയ്പ്പിച്ചു കൊണ്ടുള്ള സ്റ്റേയും ലഭിച്ചിരുന്നു. ഇതിന്റെ കാലാവധി തീരാനിരിക്കെ ജീവനക്കാരുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ വീണ്ടും കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് കോടതി സ്റ്റേ നടപടി ആഗസ്ത് 6 വരെ നീട്ടി നല്‍കിയിരിക്കുന്നത്.
വൈഗ ത്രെഡ്‌സിന് പിന്നാലെ കൊരട്ടിയുടെ ശോഭ കെടുത്തി ഗവ.പ്രസ്സും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഒരു കാലത്ത് കൊരട്ടിയുടെ പ്രതാഭമായിരുന്നു വൈഗ ത്രെഡ്‌സും ഗവ. പ്രസ്സും. ജമുന കമ്പനി,  മദുര കോട്‌സ് പിന്നീട് വൈഗ ത്രെഡ്‌സുമായി മാറിയ ദക്ഷണേന്ത്യയിലെ പേരു കേട്ട നൂല്‍ നിര്‍മാണ കമ്പനിയുടെ തിരോദ്ധാനത്തിന് ചുവട് പിടിച്ച് ഇപ്പോള്‍ ഗവ.പ്രസ്സും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. വൈഗ ത്രെഡ്‌സ് അടച്ച് പൂട്ടിയിട്ട് വര്‍ഷങ്ങളായി. ഇപ്പോള്‍ ഗവ. പ്രസ്സും അടച്ചുപൂട്ടലിന്റെ വക്കിലെത്തി.
കേന്ദ്ര മന്ത്രിയായിരുന്ന പനമ്പിള്ളി  ഗോവിന്ദമേനോന്റെ ശ്രമഫലമായാണ് 51 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊരട്ടിയില്‍ ഗവ. പ്രസ് ആരംഭിച്ചത്. കറന്‍സി നോട്ടുകളടക്കമുള്ള സംവിധാനങ്ങളോട് കൂടിയുള്ള പ്രസ്സാണ് ആരംഭിച്ചത്. എന്നാല്‍ തപാല്‍ സ്റ്റാമ്പ്, റെയില്‍വേ-സെയില്‍സ് ടാക്‌സ് എന്നീ വകുപ്പുകള്‍ക്കാവശ്യമായ വിവിധ ഫോമുകളാണ് ഇവിടെ അച്ചടിച്ചിരുന്നത്.
ഇവിടത്തെ അച്ചടി മികവിന് നിരവധി പരുസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസ്സിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായി 333 പുതിയ തസ്തികകളും ഇവിടെ അനുവദിച്ചിരുന്നു. ഇതേതുര്‍ന്ന് 140 തസ്തികളിലേക്ക് നിയമനം നടത്താന്‍ 2007ല്‍ അപേക്ഷ ക്ഷണിച്ചു. നടപടികള്‍ പുരോഗമിക്കുന്നതിനിടെ 2008 ഏപ്രില്‍ മാസത്തില്‍ നിയമന നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് ഉത്തരവിറങ്ങി. പിന്നീട് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിരോധനം നീങ്ങിയത്. 2013ല്‍ വീണ്ടും നിയമനം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവായി. കൊരട്ടി ഗവ. പ്രസ്സിനൊപ്പം രാജ്യത്തെ 12 പ്രസ്സുകള്‍ക്കും ഇത്തരത്തിലുള്ള നിയമനം സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ലഭിച്ചു.
441പോസ്റ്റുകളിലേക്കുള്ള നിയമനത്തിന്റെ നോട്ടിഫിക്കേഷനാണ് കൊരട്ടി പ്രസ്സിന് ലഭിച്ചത്. ആയിരക്കണക്കിനാളുകള്‍ ഒഴിവുകളിലേക്ക് അപേക്ഷിച്ചു. ഇതിന്റെ പ്രവര്‍ത്തികള്‍ അതിവേഗം നടക്കുന്നതിനിടെ ഡിംസബറില്‍ അപ്രതീക്ഷിതമായി നിയമനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവിറങ്ങി. അതോടെ പ്രസ്സിന്റെ ഉന്നതിയെ കുറിച്ചുള്ള പ്രതീക്ഷ ഇല്ലാതായി. നിയമനം നടത്താതിനെ തുടര്‍ന്ന് ഇപ്പോള്‍ 24ജീവനക്കാര്‍ മാത്രമാണ് ഇവിടെയുള്ളത്.
ജീവനക്കാരെ പിരിച്ചുവിടാതെ മറ്റു പ്രസ്സുകളിലേക്ക് ലയിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കേരളത്തില്‍ ഇനി സര്‍ക്കാര്‍ പ്രസ്സുകള്‍ ഉണ്ടാകില്ലെന്നതിനാല്‍ റിട്ടയര്‍ പ്രായത്തോട് അടുത്തുള്ള ജീവനക്കാര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ പ്രസ്സുകളിലേക്ക് പോകേണ്ടി വരുമോയെന്ന ആശങ്കയാണ് ജീവനക്കാര്‍ക്ക്. കൊരട്ടി പ്രസ്സടക്കം രാജ്യത്തെ ഒമ്പത് പ്രസ്സുകള്‍ അടച്ച് പൂട്ടാനാണ് നീക്കം നടക്കുന്നത്. പ്രസ്സുകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് 31 എംപിമാര്‍ അടങ്ങിയ കമ്മിറ്റിയുടെ റിപോര്‍ട്ട് പ്രസ്സുകളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പാര്‍ലിമെന്റ് കമ്മിറ്റി നേര്‍ത്തെ തള്ളിയിരുന്നു.
സര്‍ക്കാര്‍ പ്രസ്സുകള്‍ നവീകരിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നാണ് കമ്മിറ്റി സര്‍ക്കാരിന് നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നത്. പാര്‍ലിമെന്ററി കമ്മിറ്റിയുടെ ഈ റിപോര്‍ട്ടിനാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വിലകല്‍പ്പിക്കാത്തത്. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സ്റ്റേ താത്കാലികമാണെന്നും കൊരട്ടി ഗവ. പ്രസ് ഇനി ഓര്‍മ മാത്രമാകുമെന്നും ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും അറിയാമെങ്കിലും രാഷ്ട്രീയ നേതാക്കളുടെ കാര്യമായ ഇടപെടലുണ്ടായാല്‍ പ്രസ് നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇവിടെയുള്ളവര്‍ക്ക്.
Next Story

RELATED STORIES

Share it