ജീവനക്കാരുടെ പണിമുടക്കില്‍ ബാങ്കുകള്‍ നിശ്ചലമായി

കൊച്ചി: ബാങ്ക് യൂനിയനുകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സിന്റെ നേതൃത്വത്തില്‍ നടക്കുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണം. ഇന്നും പണിമുടക്ക് തുടരും. പണിമുടക്കിന്റെ ആദ്യ ദിവസമായിരുന്ന ഇന്നലെ 1,10,000 ബാങ്ക് ശാഖകളും കേരളത്തില്‍ 5,300 ബാങ്ക് ശാഖകളും അടഞ്ഞുകിടന്നതായി കണ്‍വീനര്‍ സി ഡി ജോസന്‍ പറഞ്ഞു.
അതേസമയം ബാങ്ക് ജീവനക്കാരുടെ സമരത്തിന്റെ ഭാഗമായി എടിഎമ്മുകളില്‍ ഇന്നലെ നോട്ട് ക്ഷാമം കാര്യമായി ഉണ്ടായിട്ടില്ലെങ്കിലും ഇന്ന് എടിഎമ്മുകള്‍ കാലിയാവുമെന്ന ആശങ്ക പരക്കുന്നുണ്ട്. പണിമുടക്കിയ ഓഫിസര്‍മാരും ജീവനക്കാരും വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി. സേവന വേതന വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഇന്നലെ രാവിലെ ആറിനു തുടങ്ങിയ സമരം നാളെ രാവിലെ ആറിന് അവസാനിക്കും. പൊതുമേഖലാ, സ്വകാര്യ, വിദേശ, വാണിജ്യ ബാങ്കിങ് മേഖലയിലെ 10 ലക്ഷത്തോളം ജീവനക്കാരും ഓഫിസര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
വന്‍കിടക്കാര്‍ക്ക് നല്‍കുന്ന കിട്ടാക്കടങ്ങള്‍ക്ക് സാധാരണക്കാരായ ജീവനക്കാര്‍ക്കോ മാനേജര്‍മാര്‍ക്കോ യാതൊരു ഉത്തരവാദിത്തവുമില്ല എന്നതാണ് യാഥാര്‍ഥ്യം. അവര്‍ക്കെതിരേ നടപടിയെടുക്കാതെ ജീവനക്കാരെ ബലിയാടാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനെതിരെയാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കിലേക്ക് പോയതെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി) കേരള ഘടകം പ്രസിഡന്റ് ടി നരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എസ് എസ് അനില്‍ എന്നിവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it