ജീവനക്കാരുടെ ആവിഷ്‌കാരസ്വാതന്ത്ര്യം; വ്യവസ്ഥകള്‍ ഉദാരമാക്കിയത് തെറ്റിദ്ധരിക്കപ്പെട്ടെന്ന്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും നിലവിലുള്ള വ്യവസ്ഥകള്‍ ഉദാരമാക്കുന്നതിനും വേണ്ടി മാത്രമാണ് ഇതുസംബന്ധിച്ച പുതുക്കിയ ഉത്തരവ് ഇറക്കിയതെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. നിലവിലുള്ള വ്യവസ്ഥകള്‍ ലളിതമാക്കുകയും കാലോചിതമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തതാണ് ചിലര്‍ വിവാദമാക്കിയത്. തെറ്റിദ്ധരിക്കപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉത്തരവ് മരവിപ്പിച്ചതെന്നും ചീഫ് സെക്രട്ടറിയോട് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
നിലവില്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിനോ പൊതുപ്രസംഗം നടത്തുന്നതിനോ മുമ്പ് അതിന്റെ പകര്‍പ്പ് ബന്ധപ്പെട്ടവര്‍ക്കു സമര്‍പ്പിച്ച് അനുമതി വാങ്ങണമെന്ന് 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍, ഈ വ്യവസ്ഥകളില്‍ ഏറെ അവ്യക്തതയുണ്ട്. 1991ലെ ഭേദഗതി പ്രകാരം ദൂരദര്‍ശനിലെയും ആകാശവാണിയിലെയും മറ്റും പരിപാടികളില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കിയെങ്കിലും സ്വകാര്യ മാധ്യമങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ വ്യവസ്ഥയില്ല. ഈ വ്യവസ്ഥകളില്‍ കാലോചിതമായ മാറ്റം കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി ഇതുസംബന്ധിച്ച ഒരു ഫയലില്‍ പി ആന്റ് എആര്‍ഡി സെക്രട്ടറിയോട് നിര്‍ദേശിച്ചിരുന്നു.
ഹിന്ദി കോപ്പി റൈറ്റിങിനുവേണ്ടിയുള്ള ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് അനുമതി തേടി കോട്ടയം കോത്തല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക എസ് സരളാംബികയുടെ ഫയല്‍ ആയിരുന്നു അത്. എന്നാല്‍, 1960ലെ കണ്‍ടാക്ട് റൂള്‍ പ്രകാരം പൊതുവിദ്യാഭ്യാസവകുപ്പ് പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള അപേക്ഷ നിരസിച്ചു. പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് അതിന്റെ കോപ്പി നല്‍കണമെന്ന നിലവിലുള്ള വ്യവസ്ഥ ഇളവു ചെയ്താണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് പുസ്തകത്തിന്റെ പ്രസാധകര്‍, അവതാരകര്‍, വില തുടങ്ങിയ വിശദാംശങ്ങള്‍ സമര്‍പ്പിച്ച് അനുമതി തേടിയാല്‍ മതിയെന്നും ഓഫിസ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it