thrissur local

ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ഭാഗികം; ഓഫിസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു

തൃശൂര്‍: പ്രതിലോമകരമായ ശുപാര്‍ശകള്‍ തള്ളിക്കളഞ്ഞ് ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക, തസ്തികകള്‍ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ സൂചനാ പണിമുടക്ക് ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.
ജില്ലാ കലക്ടറേറ്റിന്റെയും താലൂക്ക് ഓഫിസുകളുടെയും പ്രവര്‍ത്തനം മന്ദീഭവിച്ചു. ഭരണ സിരാകേന്ദ്രമായ സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫിസുകളിലെ ആകെയുള്ള 1359 പേരില്‍ 26.93 ശതമാനം പേര്‍ മാത്രമാണ് പണിമുടക്കിയത്. 938 പേരും ജോലിക്ക് ഹാജരായി. പണിമുടക്കിയവര്‍ 366 പേര്‍ മാത്രം. 55 പേര്‍ അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. റവന്യൂ വകുപ്പിനു കീഴില്‍ ജില്ലയിലുള്ള വിവിധ ഓഫീസുകളിലെ ആകെയുള്ള 1890 ജീവനക്കാരില്‍ 31 ശതമാനം പേര്‍ മാത്രമാണ് സമരം ചെയ്തത്. 1101 പേര്‍ ജോലിക്ക് ഹാജരായി. 190 പേര്‍ അവധിയിലായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫിസി (ആരോഗ്യം) നു കീഴില്‍ ജില്ലയിലുള്ള 3261 ജീവനക്കാരില്‍ 2876 പേരും ജോലിക്ക് ഹാജരായി. 385 പേര്‍ മാത്രമാണ് സമരത്തില്‍ പങ്കെടുത്തത്.
ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ മെഡിക്കല്‍ ഓഫിസ്, ജില്ലാ കൃഷി ഓഫിസ്, തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫിസ്, ട്രഷറി ഓഫിസുകള്‍, വാണിജ്യ നികുതി ഓഫിസുകള്‍, കാര്‍ഷിക സര്‍വ്വകലാശാല, പിഎസ്‌സി ഓഫിസ്, സബ് രജിസ്ട്രാര്‍ ഓഫിസുകള്‍, പിഡബഌുഡി, ഇറിഗേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തുടങ്ങിയ ഓഫിസുകളിലെ നിരവധി ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തു. പണിമുടക്കിയ ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. ജില്ലാ കേന്ദ്രത്തില്‍ പണിമുടക്കിയ ജീവനക്കാരും അധ്യാപകരും തൃശൂര്‍ ടൗണില്‍ പ്രകടനവും യോഗവും നടത്തി.
തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫിസിനു മുന്നില്‍ നടന്ന പൊതുയോഗം കേരള എന്‍ജിഒ യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി സി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം ആര്‍ രമേശന്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എ ശിവന്‍, കെഎസ്ടിഎ ജില്ലാ സെക്രട്ടറി ടി വി മദനമോഹന്‍, കെജിഒഎ ജില്ലാ സെക്രട്ടറി ഡോ. യു സലില്‍, ഭരതരാജ്, എന്‍ ബി സുധീഷ്‌കുമാര്‍, വി എസ് ജയനാരായണന്‍, ശിവദാസന്‍, സി വി പൌലോസ്, സി വി മനോജ് സംസാരിച്ചു. എന്‍ജിഒ യൂനിയന്‍ ജില്ലാ സെക്രട്ടറി പി ആര്‍ രമേഷ് സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിഎസ് രഘുനാഥ് നന്ദിയും പറഞ്ഞു. പണിമുടക്ക് പരാജയപ്പെടുത്താനുള്ള സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങളെയും കരിനിയമങ്ങളെയും അവഗണിച്ച് പണിമുടക്ക് വിജയിപ്പിച്ച എല്ലാ ജീവനക്കാരെയും അധ്യാപകരെയും ആക്ഷന്‍ കൌണ്‍സില്‍സമരസമിതിക്ക് വേണ്ടി കണ്‍വീനര്‍മാര്‍ അഭിവാദ്യം ചെയ്തു.
Next Story

RELATED STORIES

Share it