kasaragod local

ജീവനക്കാരില്ല; സര്‍ക്കാര്‍ ഓഫിസുകളില്‍ പ്രവര്‍ത്തനം താളം തെറ്റുന്നു

കാഞ്ഞങ്ങാട്: ഉദ്യോഗസ്ഥരില്ല, സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ ഒഴിഞ്ഞതോടെ ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ കാണാനാവുന്നത് ആളില്ലാ കസേരകള്‍ മാത്രം. ജില്ലയില്‍ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫിസുകളിലൊന്നും തലവനുള്‍പ്പെടെയുള്ള ജീവനക്കാരില്ലാത്തതാണ് ദൈനംദിന പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുന്നത്.
കൃഷി, പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, മൃഗസംരക്ഷണം, ജലസേചനം തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകളിലെല്ലാം നിരവധി ഒഴിവാണുള്ളത്. മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ നിയമനം നടത്താന്‍ സര്‍ക്കാരും താല്‍പര്യം കാണിക്കുന്നില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാവികസന സമിതിയോഗത്തില്‍ ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ ഉടന്‍ നികത്താന്‍ വേണ്ട നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്.
കൃഷിവകുപ്പിലാവട്ടെ ജില്ലയുടെ തലവനായ പ്രിന്‍സിപ്പല്‍ അഗ്രികള്‍ചറല്‍ ഓഫിസറുമില്ല. നിലവില്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരിലൊരാള്‍ക്കാണ് ചുമതല. അതേസമയം കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ രണ്ടൊഴിവും ജില്ലയിലുണ്ട്. കൃഷിയെ പ്രോല്‍സാഹിപ്പിച്ച് കര്‍ഷകര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശം നല്‍കേണ്ടത് കൃഷി ഓഫിസര്‍മാരാണ്. ഓരോ പഞ്ചായത്തിലും നഗരസഭയിലും കൃഷിഭവനുണ്ടെങ്കിലും കൃഷിഭവനി ല്‍ പത്തിടത്ത് കൃഷി ഓഫിസര്‍മാരില്ല. 20 ലേറെ കൃഷി അസിസ്റ്റന്റുമാരുടെയും ഒഴിവുണ്ട്.
വൊര്‍ക്കാടി പഞ്ചായത്തില്‍ സെക്രട്ടറി ഇല്ലാതായിട്ട് വര്‍ഷം ഒന്നുകഴിഞ്ഞു. മഴ മാറി റോഡുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണം സജീവമാകാനിരിക്കെ പൊതുമരാമത്ത് വകുപ്പിനും നാഥനില്ലാത്ത അവസ്ഥയാണ്. റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയറില്ലാതായിട്ട് മാസങ്ങളായി. കൂടാതെ അസിസ്റ്റന്റ് എന്‍ജിനിയറുടെ നാലൊഴിവുമുണ്ട്. ബില്‍ഡിങ് വിഭാഗത്തില്‍ മൂന്ന് അസിസ്റ്റന്റ് എന്‍ജിനിയറുടെ ഒഴിവു വന്നിട്ട് വര്‍ഷം ഒന്നാകുന്നു.
തദ്ദേശഭരണ സ്ഥാപനങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങളാണ് നടക്കാനുള്ളത്. ഇവ നടപ്പാക്കേണ്ട ഉദ്യോഗസ്ഥരുടെ അഭാവം കാരണം എല്ലാം പാതിവഴിക്കാകാനാണ് സാധ്യത. സാമ്പത്തിക വര്‍ഷം മാര്‍ച്ചില്‍ തീരുമെന്നിരിക്കെ ത്രിതലപഞ്ചായത്തുകളുടെയും പൊതുമരാമത്ത് വകുപ്പിന്റെയും വലിയ പദ്ധതികള്‍പോലും അനിശ്ചിതത്വത്തിലാകും. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ഉടന്‍ നന്നാക്കുമെന്ന് വകുപ്പ് മന്ത്രി ഇവിടെയെത്തി പ്രഖ്യാപിച്ചെങ്കിലും ഇതിനെല്ലാം മേല്‍നോട്ടം വഹിക്കേണ്ട എക്‌സിക്യൂട്ടീവ് എന്‍ജിനിയറെ നിയമിക്കാത്തത് കടുത്ത പ്രതിസന്ധിക്കിടയാക്കുകയാണ്. ഇദ്ദേഹത്തിന്റെ അഭാവത്തില്‍ പദ്ധതി നിര്‍വഹണം നടപ്പാക്കേണ്ട അസിസ്റ്റന്റ് എന്‍ജിനിയര്‍മാരുമില്ല.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ മരാമത്ത് പ്രവൃത്തികളുടെ പദ്ധതി തയ്യാറാക്കല്‍, നിര്‍വഹണം എന്നീ ചുമതലകള്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍മാര്‍ക്കാണ്. ഓരോ പഞ്ചായത്തിലും ഒരു അസിസ്റ്റന്റ് എന്‍ജിനിയര്‍ വേണമെന്നിരിക്കെ 38 പഞ്ചായത്തിലുമായി 19 പേര്‍ മാത്രമാണുള്ളത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാരാണ്. ഇതിനായി ഏഴുപേര്‍ വേണമെങ്കിലും ഉള്ളത് മൂന്നുപേര്‍ മാത്രവും.
ക്രിസ്മസ് പരീക്ഷയും പൊതുപരീക്ഷയും അടുത്തെത്തിയെങ്കിലും ജില്ലാ വിദ്യാഭ്യാസ ഓഫീസറില്ലാതെയാണ് മുന്നോട്ടുപോകുന്നത്. സ്‌കൂള്‍ കലോല്‍സവങ്ങള്‍ ഉള്‍പ്പെടെ കുട്ടികള്‍ സജീവമായി പങ്കെടുക്കുന്ന പരിപാടികളും നടക്കാനുണ്ട്. ഇതുസംബന്ധിച്ച് ആക്ഷേപങ്ങളും പരാതികളും പരിഹരിക്കുന്നതിന് നേതൃത്വം നല്‍കേണ്ടതും ഡിഡിഇയാണ്.
വിദ്യാഭ്യാസരംഗത്തെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് സ്‌കൂളുകളുടെ പ്രവര്‍ത്തനവും അധ്യാപനം സംബന്ധിച്ച കാര്യങ്ങളുമെല്ലാം കൃത്യതയോടെ നോക്കേണ്ടതും ഡിഡിഇയാണ്. അധ്യയനവര്‍ഷം പകുതി കഴിഞ്ഞിട്ടും പാഠപുസ്തകം കിട്ടാത്ത നിരവധി സ്‌കൂളുകള്‍ ജില്ലയിലുണ്ട്.
ഇവയെല്ലാം പരിഹരിക്കാന്‍ ഉത്തരവാദിത്തമുള്ള ഡിഡിഇ ഇല്ലാതായിട്ട് മാസം ഒന്നുകഴിഞ്ഞു.ആയുര്‍വേദ ആശുപത്രികളാകട്ടെ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ നട്ടംതിരിയുകയാണ്. ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളിലും സിഎച്ച്‌സി, പിഎച്ച്‌സികളിലും ആവശ്യത്തിന് ഡോക്ടര്‍മാരോ നഴ്‌സുമാരോ ഇല്ലാത്തത് രോഗികളെ വലയ്ക്കുന്നതിന് പുറമെ ഇവിടങ്ങളിലെ പ്രവര്‍ത്തനംതന്നെ തകിടംമറിക്കുകയാണ്.
കഴിഞ്ഞ മാര്‍ച്ചില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി ഇക്കാര്യം ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധയില്‍ പെടുത്താന്‍ തീരമാനിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമായില്ല.
Next Story

RELATED STORIES

Share it