malappuram local

ജീവനക്കാരില്ല; അത്യാഹിതവിഭാഗം പ്രവര്‍ത്തനം അവതാളത്തില്‍

പെരിന്തല്‍മണ്ണ: പ്രതിദിനം ആയിരക്കണക്കിന് രോഗികള്‍ ചികില്‍സ തേടിയെത്തുന്ന പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ജീവനക്കാരുടെ കുറവുമൂലം അത്യാഹിതവിഭാഗത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ആറു ഡോക്ടര്‍മാരുടെ സേവനം വേണമെങ്കിലും നാലു പേരുടെ പോസ്റ്റാണ് ഇവിടെയുള്ളത്. നിലവില്‍, സ്ഥിര നിയമനത്തിലൂടെയുള്ള ഒരു ഡോക്ടറുടെയും ദേശീയ ആരോഗ്യ മിഷന്‍ (എന്‍എച്ച്എം) വഴി താല്‍ക്കാലികമായി നിയമിച്ച രണ്ടുപേരുടെയും സേവനത്തിലൂടെയാണ് കാഷ്വാലിറ്റിയുടെ പ്രവര്‍ത്തനം. നേരത്തെ ഇവിടെ ഉണ്ടായിരുന്ന ഒരു ഡോക്ടറെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് സ്ഥലം മാറ്റിയെങ്കിലും പകരം നിയമനവും നടന്നിട്ടില്ല. കൂടാതെ, എന്‍എച്ച്എം വഴി നിയമനം ലഭിച്ചവരില്‍നിന്ന് ഒരു ഡോക്ടര്‍ ഉപരിപഠനത്തിനായി ഡല്‍ഹിയിലേക്ക് പോവാനുള്ള ഒരുക്കത്തിലുമാണ്.
ഇതോടെ, ഒരു സ്ഥിരം ഡോക്ടറും ഒരു താല്‍ക്കാലിക ഡോക്ടറും മാത്രമാവും കാഷ്വാലിറ്റിയില്‍ ഉണ്ടാവുക. എന്നാല്‍, ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് മേലധികാരികളുടെ ശ്രദ്ധയില്‍പെടുത്തുമ്പോള്‍ ഉള്ളവരെ വച്ച് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോവാനാണ് പറയുന്നത്. നിപാ വൈറസ് ബാധയേറ്റ് മരിച്ച ഒരു രോഗി ഇവിടെയാണ് ചികില്‍സയില്‍ കഴിഞ്ഞിരുന്നത്. ഡെങ്കിയെന്ന സംശയത്തില്‍ അഞ്ചുപേരും ചികില്‍സയിലുണ്ട്. പനിബാധിച്ചവരുടെ എണ്ണം ക്രമാതീതമായ വര്‍ധിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച പുതിയ കാഷ്വാലിറ്റി കെട്ടിടം കൂടി  രോഗികള്‍ക്കായി തുറന്നുകൊടുത്തത്. എന്നാല്‍, ആരോഗ്യവകുപ്പ് മതിയായ ജീവനക്കാരെ നല്‍കാത്തതിനാല്‍ ഇതിന്റെ പ്രയോജനം രോഗികള്‍ക്ക് ലഭിക്കാതെ പോവുന്ന അവസ്ഥയാണ് നിലവിലുള്ളത്. അതേ സമയം, രണ്ട് ദിവസത്തിനകം രണ്ട്് ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചേക്കുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it