kannur local

ജീവനക്കാരില്ലാതെ പഴയങ്ങാടി വൈദ്യുതി സെക്ഷന്‍ ഓഫിസ്

പഴയങ്ങാടി: എരിപുരത്ത് പ്രവര്‍ത്തിക്കുന്ന പഴയങ്ങാടി വൈദ്യുതി സെക്ഷന്‍ ഓഫിസില്‍ മതിയായ ലൈന്‍മാന്‍മാരില്ലാത്തത് ഉപഭോക്താക്കളെ ദുരിതത്തിലാക്കുന്നു. 22,000 ഉപഭോക്താക്കളുള്ള ഓഫിസ് പരിധിയില്‍ 12 ലൈന്‍മാന്‍മാരാണുണ്ടായിരുന്നത്. എന്നാല്‍ അഞ്ചുപേര്‍ സ്ഥലം മാറിപ്പോയതോടെയാണ് പ്രതിസന്ധിയിലായത്.
മാടായി, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകളും പയ്യന്നൂര്‍ നഗരസഭയിലെ കാനായി പ്രദേശവും ഉള്‍ക്കൊള്ളുന്നതാണ് പഴയങ്ങാടി വൈദ്യുത സെക്ഷന്‍ ഓഫിസിന്റെ പരിധി. ഓഫിസില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയുള്ള കാനായിലെ വൈദ്യുതി തകരാര്‍ പരിഹരിച്ച് തിരിച്ചെത്തുമ്പോഴേക്ക് ഡ്യൂട്ടിയുടെ പകുതി ഭാഗം അവസാനിക്കുമെന്നു ജീവനക്കാര്‍ തന്നെ പരിതപിക്കുന്നു.
മാതൃകാ ഓഫിസായി പ്രവര്‍ത്തിക്കുന്ന ഈ സെക്ഷനില്‍ ലൈന്‍മാന്‍മാരായി എത്തുന്നതില്‍ ഭൂരിഭാഗവും തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. ഒരുവര്‍ഷം പൂര്‍ത്തീകരിക്കുമ്പോഴേക്കും ഇവര്‍ സ്വദേശത്തേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോവുന്നതാണ് ലൈന്‍മാന്‍മാരുടെ കുറവിന് കാരണമാകുന്നത്. രണ്ട് ലൈന്‍മാന്‍മാര്‍ രാത്രികാല ഡ്യൂട്ടിയിലാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് പിറ്റേദിവസം അവധി അനുവദിക്കുന്നതോടെ പകല്‍ സമയത്ത് ലഭ്യമാകുന്നത് അഞ്ചുപേരുടെ മാത്രം സേവനമാണ്.
കാറ്റും മഴയും ശക്തമായതോടെ വര്‍ധിച്ചു വരുന്ന തകരാറുകള്‍ അഞ്ചുജീവനക്കാരെ കൊണ്ട് പരിഹരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. തൂണുകള്‍ തകര്‍ന്നും കമ്പികള്‍ പൊട്ടിയുമുള്ള അപകടങ്ങളുണ്ടായാല്‍ അഞ്ചുപേരുടെ സേവനവും ഒരേ കേന്ദ്രത്തില്‍തന്നെ വേണ്ടി വരുന്നതോടെ മറ്റു മേഖലകളില്‍ സേവനം തീര്‍ത്തും ലഭ്യമല്ലാതാവുകയാണ്.——
മാസത്തില്‍ ഒരു കോടി രൂപയിലധികം രൂപ വൈദ്യുതി നിരക്കായി പിരിച്ചെടുക്കുന്ന സെക് ഷനാണിത്. ചെറുതാഴം പഞ്ചായത്തിന്റെ ഏതാനും ഭാഗങ്ങളും കാനായി പ്രദേശവുമുള്‍പ്പെടെ ഏകദേശം 8000 ഉപഭോക്താക്കള്‍ക്കായി പിലാത്തറയില്‍ ഒരു സെക്ഷന്‍ ഓഫിസ് സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും പ്രാഥമികാംഗീകാരം നേടി സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നെങ്കിലും തുടര്‍നടപടികളുണ്ടായില്ല.
Next Story

RELATED STORIES

Share it