Kottayam Local

ജീവനക്കാരിയുടെ അനാസ്ഥ; മുടങ്ങിയ പെന്‍ഷന്‍ പ്രസിഡന്റ് ഇടപെട്ട് ശരിയാക്കി



എരുമേലി: ഭിന്നശേഷിക്കാരിയായ സഹോദരിക്ക് മുടങ്ങിയ പെന്‍ഷന്‍ തുക വാങ്ങികൊടുക്കാന്‍ സഹോദരന്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ ദിവസങ്ങളോളം കയറിയിറങ്ങിയിട്ടും ജീവനക്കാരി കനിഞ്ഞില്ല. പെ ന്‍ഷന്‍ സെക്ഷന്റെ ചുമതലയുള്ള ജീവനക്കാരിയുടെ അനാസ്ഥയാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണമെന്ന് ബോധ്യമായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജീവനക്കാരിയെ വിളിച്ചുവരുത്തി ശാസിച്ചതോടെ പെന്‍ഷന്‍ റെഡിയായി. എരുമേലി ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കണമല സ്വദേശിയായ വ്യാപാരിയാണ് സഹോദരിക്ക് വേണ്ടി പഞ്ചായത്ത് ഓഫിസില്‍ കയറിയിറങ്ങി വലഞ്ഞത്. പെന്‍ഷന്‍ മുടങ്ങാ ന്‍ കാരണം ഗ്രാമസഭ ഗുണഭോക്തൃ ലിസ്റ്റില്‍ പേരില്ലാത്തതിനിലാണെന്ന് ജീവനക്കാരി പറഞ്ഞു. അടുത്ത ദിവസം ഗുണഭോക്തൃ പട്ടികയുമായി എത്തി പേരുള്ളത് കാട്ടിയപ്പോള്‍ പെന്‍ഷന് അപേക്ഷ നല്‍കിയില്ലന്നായി ജീവനക്കാരി.  അപേക്ഷ നേരത്തെ ഫ്രണ്ട് ഓഫിസില്‍ നല്‍കിയതാണെന്ന് ഇതിന്റെ രസീത് കാട്ടി അറിയിച്ചപ്പോള്‍ ഇനി പ്രയോജനമില്ലന്നും ആനുകൂല്യം നല്‍കേണ്ട സമയം കഴിഞ്ഞെന്നും പറഞ്ഞ് ജീവനക്കാരി പെന്‍ഷന്‍ നിഷേധിക്കുകയായിരുന്നു. ഫ്രണ്ട് ഓഫിസില്‍ യഥാ സമയത്ത് തന്നെ അപേക്ഷ നല്‍കുകയും ഗ്രാമസഭയില്‍ കൃത്യമായി പങ്കെടുക്കുകയും ചെയ്തിട്ടും പെന്‍ഷന്‍ നിഷേധിച്ചത് ജീവനക്കാരിയുടെ കൃത്യവിലോപം മൂലമായിരുന്നു. അപേക്ഷയുടെ രസീതുമായി ഒട്ടേറെ തവണ സഹോദരന്‍ പഞ്ചായത്ത് ഓഫിസിലെത്തിയിരുന്നു. മിക്കപ്പോഴും ഓരോ കാരണങ്ങള്‍ പറഞ്ഞ് ജീവനക്കാരി മടക്കി അയക്കുകയായിരുന്നെന്ന് പറയുന്നു. ഇതിനിടെ പലപ്പോഴും ജീവനക്കാരി അവധിയിലുമായിരുന്നു. ഇക്കാര്യങ്ങളറിഞ്ഞ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജീവനക്കാരിയോട് വിവരങ്ങള്‍ തിരക്കയതിനൊടുവില്‍ ശാസിക്കുകയായിരുന്നു. സ്വന്തം ശമ്പളത്തില്‍ നിന്നെടുത്തിട്ടാണെങ്കിലും മുടങ്ങിയ പെന്‍ഷന്‍ തുക ഉടനെ നല്‍കണമെന്നും പെന്‍ഷന്‍ ഇനി മുടങ്ങാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും പ്രസിഡന്റ് നിര്‍ദേശിച്ചു. മുടങ്ങിയ പെന്‍ഷന്‍ തുക  ജീവനക്കാരി നല്‍കി.
Next Story

RELATED STORIES

Share it