Pravasi

ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഖത്തരി കലാകാരന്മാര്‍ കൈകോര്‍ക്കുന്നു



ദോഹ: ഖത്തര്‍ ചാരിറ്റിയുടെ ജീവകാരുണ്യപ്രവര്‍ത്തനത്തിനായി രാജ്യത്തെ 12 കലാകാരന്‍മാര്‍ കൈകോര്‍ക്കുന്നു. ഖത്തരി ആര്‍ട്ട് മീറ്റ് ദി മാ ജോങ് എന്ന ജീവകാരുണ്യ ലേലത്തിലൂടെ ലഭിക്കുന്ന തുക ഖത്തര്‍ ചാരിറ്റിയുടെ റൊഫാഖ പദ്ധതിക്കു വേണ്ടി ചെലവഴിക്കും. ശെയ്ഖ് ഡോ. ഹസന്‍ ബിന്‍ മുഹമ്മദ് ബിന്‍ അലി ആല്‍ഥാനിയുടെ കാര്‍മികത്വത്തില്‍  ഫ്രഞ്ച് ഫര്‍ണീച്ചര്‍ കമ്പനിയായ റോച്ചെ ബോബോയിസ് അല്‍ബാഹി ലേല കമ്പനിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. റോച്ചെ ബോബോയിസ് പുറത്തിറക്കുന്ന ചാരിയിരിക്കാനുള്ള സോഫയാണ് മാ ജോങ്. ഇതില്‍ ഖത്തരി കലാകാരന്‍മാര്‍ തങ്ങളുടെ കലാസൃഷ്ടിയിലൂടെ അലങ്കരിച്ച ശേഷമാണ് ലേലത്തില്‍ വയ്ക്കുന്നത്. കത്താറ കള്‍ച്ചറല്‍ വില്ലേജിലെ അല്‍ബാഹി ഓക്്ഷന്‍ ഹൗസില്‍ മെയ് 31ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ ഇതിന്റെ പ്രിവ്യൂ നടത്തി. ജൂണ്‍ 1 മുതല്‍ ജൂണ്‍ 6 വരെ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനം നടക്കും. ജൂണ്‍ 7ന് രാത്രി 9നാണ് ലേലം നടക്കുക. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനിലോ അല്‍ബാഹീ ഓക്്ഷന്‍ ഹൗസിലോ ബിഡ് സമര്‍പ്പിക്കാവുന്നതാണ്. നേരത്തേ മെക്‌സിക്കോ, യുഎസ്, യുകെ, സ്‌പെയിന്‍, ബ്രസല്‍സ്, കസാക്കിസ്താന്‍, ഹോങ്കോങ്, ബെയ്‌റൂത്ത് എന്നിവിടങ്ങളില്‍ നടത്തിയ സമാനമായ ലേലങ്ങള്‍ വന്‍വിജയമായിരുന്നു. ലേലത്തിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും ഖത്തര്‍ ചാരിറ്റിയുടെ റൊഫാഖ പദ്ധതിക്കു വേണ്ടി ചെലവഴിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ അനാഥരുടെ സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ, മാനസിക ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് റൊഫാഖ.
Next Story

RELATED STORIES

Share it