ernakulam local

ജീപ്പും ഒമ്‌നി വാനും കൂട്ടിയിടിച്ച് വാന്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്



മൂവാറ്റുപുഴ: എംസി റോഡില്‍ വീണ്ടും അപകടം. ജീപ്പും ഒമ്‌നി വാനും കൂട്ടിയിടിച്ച് വാന്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. കോഴിക്കോട് കുടരഞ്ഞി ഹലിയാനിക്കല്‍ സലിം (43)നാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് നാലരയോടെ തൃക്കളത്തൂരിലായിരുന്നു അപകടം. പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വാന്‍ എതിരേ വന്ന ബോലേറോ ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. വാനില്‍ കുരുങ്ങിയ സലീമിനെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ ആബുലന്‍സില്‍ മൂവാറ്റപുഴ നിര്‍മല ആശുപതിയില്‍ എത്തിക്കുകയായിരുന്നു. സലീമിന്റെ വലതുകാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ജീപ്പ് ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. വാഹനങ്ങളില്‍ മറ്റ് യാത്രക്കാര്‍ ആരും ഇല്ലായിരുന്നു. വാനിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. എംസി റോഡില്‍ വാഴപ്പിള്ളി മുതല്‍ മണ്ണൂര്‍ വരെ അപകടങ്ങള്‍ പതിവായിരിക്കുകയാണ്. അപകടങ്ങള്‍ തുടര്‍കഥയായതോടെ പേഴയ്ക്കാപ്പിള്ളിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചതടക്കുള്ള സമരപരിപാടികള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it