Alappuzha local

ജി സുധാകരന് അമ്പലപ്പുഴയില്‍ പാല്‍പ്പായസത്തേക്കാള്‍ മാധുര്യമുള്ള വിജയം

അമ്പലപ്പുഴ: ഇത് സുധാകര വിജയം. ഹാട്രിക് മല്‍സരത്തിനിറങ്ങിയ സുധാകരന് അമ്പലപ്പുഴയിലെ വോട്ടര്‍മാര്‍ നല്‍കിയത് പാല്‍പ്പായസത്തേക്കാള്‍ മാധുര്യമേറിയ വിജയം. നേരിയ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന പാര്‍ട്ടി നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കും ഈ വിജയം ഇരട്ടിമധുരമായി മാറി. മന്ത്രിയായി തിളങ്ങിയശേഷം 2011 ലെ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ 16580 വോട്ടിന്റെ ഭൂരിപക്ഷമാണ് സുധാകരന് ലഭിച്ചത്. ഇത്തവണ ഇത് 22621 വോട്ടായി വര്‍ധിച്ചു. മണ്ഡലത്തിലെ എല്ലാ മേഖലയിലും വ്യക്തമായ ഭൂരിപക്ഷമാണ് സുധാകരന് ലഭിച്ചത്. ന്യൂനപക്ഷ വോട്ടില്‍ കണ്ണുനട്ട് വിജയപ്രതീക്ഷയര്‍പ്പിച്ചിരുന്ന യു ഡി എഫിന് ഈ വിജയം കനത്ത തിരിച്ചടിയാണ്. മണ്ഡലം കാണാത്ത തരത്തിലുള്ള പ്രചാരണമാണ് യുഡിഎഫ് ഇത്തവണ കാഴ്ചവച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയല്ലാതിരുന്നതിനാല്‍ കൈയും മെയ്യും മറന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചാരണത്തിനിറങ്ങിയത്.
എന്നാല്‍ മണ്ഡലത്തില്‍ പുതുമുഖമായ യുഡിഎഫിലെ ഷേക്ക് പി ഹാരിസിനെ ഇവിടുത്തെ വോട്ടര്‍മാര്‍ കൈവിട്ടു. വിവിധ കോണുകളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ക്കിടയിലാണ് ശക്തമായ പ്രചരണത്തിലൂടെ സുധാകരന്‍ മൂന്നാമതും വിജയം നിലനിര്‍ത്താനായത്. തനിക്കെതിരേ യു ഡി എഫ് ഉയര്‍ത്തിയ പ്രചരണങ്ങളൊന്നും വോട്ടര്‍മാര്‍ കണക്കിലെടുത്തില്ല എന്നതിന്റെ തെളിവാണ് ഈ വര്‍ധിച്ച ഭൂരിപക്ഷമെന്നും സുധാകരന്‍ പറയുന്നു. രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന പുന്നപ്രയുടെ മണ്ണ് വീണ്ടും ചുവന്നു. 1965 ല്‍ അമ്പലപ്പുഴയില്‍ വി എസ് അച്യുതാനന്ദന്‍ പരാജയത്തിന്റെ കയ്പുനീര്‍ അറിഞ്ഞ ഈ വിപ്ലവ മണ്ണില്‍ 1967ല്‍ വി എസ് വിജയിച്ചു.
തുടര്‍ന്ന് മാറി മാറിവന്ന തിരഞ്ഞെടുപ്പില്‍ ഇടതും വലതും മാറിമാറി വിജയിച്ചു. എന്നാല്‍ 2006 ലും 2011 ലും പിന്നീട് ഇപ്പോഴും വിജയം സുധാകരനൊപ്പം. 67 കാരനായ സുധാകരന്‍ 2011 ലെ വി എസ് മന്ത്രിസഭയില്‍ സഹകരണ-കയര്‍-ദേവസ്വം വകുപ്പുകളുടെ ചുമതല വഹിച്ചത് സുവര്‍ണ ലിപികളാലാണ് കേരള ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. കെ എസ് എഫിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം.
സിപിഎം ജില്ലാ സെക്രട്ടറിയായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ട സുധാകരന്‍ 1990ല്‍ പ്രഥമ ജില്ലാ കൗണ്‍സില്‍ പ്രസിഡന്റുമായിരുന്നു. കുട്ടനാട്, കായംകുളം എന്നിവിടങ്ങളില്‍ മല്‍സരിച്ച് ജയപരാജയങ്ങളറിഞ്ഞ സുധാകരനെ മൂന്ന് തവണയായി അമ്പലപ്പുഴക്കാര്‍ കൈവിട്ടിട്ടില്ല.
Next Story

RELATED STORIES

Share it