ജി സുധാകരന്റെ തിരഞ്ഞെടുപ്പ് വിജയം; വിഎസിന്റെ നിലപാട് നിര്‍ണായകം

എന്‍ എ ഷിഹാബ്

ആലപ്പുഴ: ജി സുധാകരന്‍ എംഎല്‍എയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ വി എസ് അച്യുതാനന്ദന്റെ നിലപാട് നിര്‍ണായകമാവുന്നു. വിഎസ് ഇന്നലെ ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെങ്കിലും ജി സുധാകരന്‍ എംഎല്‍എയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നിന്ന് വിട്ടുനിന്നു. സുധാകരന്‍ മല്‍സരിക്കുന്ന അമ്പലപ്പുഴയില്‍ വിഎസ് പക്ഷത്തിന്റെ നിലപാട് എന്തായിരിക്കണമെന്ന സൂചന കൂടിയായി ഇതിനെ വിലയിരുത്തപ്പെടുന്നു.
എന്‍സിപി മല്‍സരിക്കുന്ന കുട്ടനാട്ടിലെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വിഎസ് ഉദ്ഘാടനം ചെയ്തപ്പോഴാണ് സിപിഎം സംസ്ഥാന സമിതിയംഗമായ ജി സുധാകരനെ വിഎസ് തഴഞ്ഞത്. അമ്പലപ്പുഴയിലാണ് വിഎസ് വോട്ട് രേഖപ്പെടുത്തുക. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇവിടെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്.
കഴിഞ്ഞ മൂന്നിനായിരുന്നു അമ്പലപ്പുഴ മണ്ഡലം എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ ആദ്യം തീരുമാനിച്ചിരുന്നത്. ഈ ദിവസം തന്നെ നടന്ന ആലപ്പുഴ, അരൂര്‍ മണ്ഡലം കണ്‍വന്‍ഷനുകള്‍ വിഎസ് ഉദ്ഘാടനം ചയ്‌തെങ്കിലും അമ്പലപ്പുഴയില്‍ വരാന്‍ വിഎസ് തയ്യാറാവാതിരുന്നത് വിവാദമായി. പിന്നീടാണ് കണ്‍വന്‍ഷന്‍ ഇന്നലത്തേക്ക് മാറ്റിയത്. കണ്‍വന്‍ഷന്‍ വിഎസ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സ്വാഗതപ്രസംഗം നടത്തിയ ജി സുധാകരന്റെ ചില പരാമര്‍ശങ്ങളില്‍ വിഎസിന് അസംതൃപ്തിയുണ്ടായിരുന്നു.
പറവൂര്‍ സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനത്തിന് വിഎസ് എത്താത്തതിനെ സുധാകരന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തൊട്ടടുത്ത് സ്വന്തം വീട്ടിലുണ്ടായിരുന്നിട്ടും വിഎസ് എത്താതിരുന്നതാണ് സുധാകരനെ ചൊടിപ്പിച്ചത്. വിഎസിനെ താന്‍ നേരിട്ട് ക്ഷണിച്ചതാണെന്നും അദ്ദേഹം പങ്കെടുക്കാതിരുന്നത് ചിലര്‍ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാെണന്നും സുധാകരന്‍ പറഞ്ഞിരുന്നു. വിഎസിനെ കണ്ടല്ല താന്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയതെന്നും സുധാകരന്‍ പറഞ്ഞു. എന്നാല്‍, തന്നെ സുധാകരന്‍ ക്ഷണിച്ചില്ലെന്നാണ് വിഎസ് മറുപടി നല്‍കിയത്.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വി എസ് പക്ഷക്കാരായ സി കെ സദാശിവന് കായംകുളത്തും സി എസ് സുജാതയ്ക്ക് ചെങ്ങന്നൂരിലും സീറ്റ് നിഷേധിക്കപ്പെടാന്‍ ജി സുധാകരന്റെ നിലപാടുകള്‍ കാരണമായിരുന്നു. ഇതുസംബന്ധിച്ച് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ സുധാകരനും സി എസ് സുജാതയും തമ്മില്‍ ബഹളമുണ്ടാവുകയും ചെയ്തു. വിഎസിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ബഹിഷ്‌കരണത്തിലൂടെ തിരഞ്ഞെടുപ്പ് സിപിഎമ്മിലെ രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള മല്‍സരം കൂടിയായി മാറിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it