ജി സുധാകരനെ പിന്തുണച്ച് പി സി ജോര്‍ജ്



കോട്ടയം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിച്ച് കെ എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് നേതൃത്വം തീരുമാനിച്ചിരുന്നുവെന്ന മന്ത്രി ജി സുധാകരന്റെ പ്രസ്താവന സ്ഥിരീകരിച്ച് കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജ് എംഎല്‍എ. സുധാകരന്‍ പറഞ്ഞത് വാസ്തവമാണ്. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നില്ല ചര്‍ച്ച. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നീക്കങ്ങള്‍ നടന്നതെന്ന് പി സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സിപിഎമ്മിന്റെ ഉന്നതനേതാവ് കെ എം മാണിയെ വീട്ടിലും മറ്റുപല സ്ഥലങ്ങളിലുമായി  നേരില്‍ക്കണ്ടാണ് ചര്‍ച്ചകള്‍ നടത്തിയത്. കെ എം മാണിക്ക് മുഖ്യമന്ത്രി പദവി, മൂന്ന് മന്ത്രിസ്ഥാനങ്ങള്‍, കോട്ടയത്തിന് പുറമെ ഇടുക്കി ലോക്‌സഭാ സീറ്റും പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ്സിന് കൂടി സ്വീകാര്യനായ സ്ഥാനാര്‍ഥി എന്നീ വാഗ്ദാനങ്ങളാണ് എല്‍ഡിഎഫ് മുന്നോട്ടുവച്ചത്. ഇതിനോട് അനുകൂലമായി പ്രതികരിച്ച കെ എം മാണി ചില ഘട്ടങ്ങളില്‍ തന്നെയും ചര്‍ച്ചകള്‍ക്ക് ചുമതലപ്പെടുത്തിയിരുന്നു. കേരളാ കോണ്‍ഗ്രസ്സിന് കേരള രാഷ്ട്രീയത്തില്‍ കിട്ടിയ സുവര്‍ണാവസരമായിരുന്നു അത്.  സിപിഐ നേതൃത്വവും ഈ നീക്കത്തിന് അനുകൂലമായിരുന്നു. അന്നത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ചര്‍ച്ചകളില്‍ പങ്കുവഹിച്ചിട്ടുണ്ട്. പി ജെ ജോസഫും തീരുമാനത്തെ പിന്തുണച്ചിരുന്നു. കെ എം മാണിയുടെ തീരുമാനം മാത്രം മതിയെന്ന സ്ഥിതിയെത്തിയപ്പോഴായിരുന്നു ജോസ് കെ മാണിയുടെ ഇടപെടല്‍. യുപിഎ അധികാരത്തില്‍ വന്നാല്‍ സ്വതന്ത്രചുമതലയുള്ള കേന്ദ്രമന്തിയാക്കാമെന്നും കെ എം മാണിയെ ആറുമാസക്കാലത്തേക്ക് മുഖ്യമന്ത്രിയാക്കാമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കിയത് സ്വീകരിച്ചാല്‍ മതിയെന്നായിരുന്നു ജോസ് കെ മാണിയുടെ പിടിവാശി. അന്നത്തെ സാഹചര്യത്തില്‍ യുപിഎ അധികാരത്തില്‍ മടങ്ങിയെത്തുമെന്ന് കരുതിയത് ജോസ് കെ മാണിയുടെ മണ്ടത്തരമായിരുന്നു.  418 ബാറുകള്‍ അടപ്പിച്ച് 312 ബാറുകള്‍ക്ക് ഗുണമുണ്ടാവുന്ന രീതിയില്‍ യുഡിഎഫ് യോഗത്തില്‍ നിലപാടെടുക്കാന്‍ തീരുമാനിച്ച കെ എം മാണിക്കേറ്റ അപ്രതീക്ഷിത തിരിച്ചടിയായിരുന്നു സമ്പൂര്‍ണ മദ്യനിരോധനമെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it