Districts

ജി വി രാജ അവാര്‍ഡ് ശ്രീജേഷിനും ബെറ്റി ജോസഫിനും

തിരുവനന്തപുരം: 2014ലെ സംസ്ഥാന സര്‍ക്കാരിന്റെ കായിക- മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഹോക്കി ടീമിന്റെ മലയാളിയായ ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷും അന്താരാഷ്ട്ര കനോയിങ്- കയാക്കിങ് താരം ബെറ്റി ജോസഫുമാണ് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത കായിക ബഹുമതിയായ ജി വി രാജ അവാര്‍ഡിന് അര്‍ഹരായത്. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലെയും ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസിലെയും ഏഷ്യാകപ്പിലെയും മികച്ച പ്രകടനമാണ് ശ്രീജേഷിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. തെഹ്‌റാനില്‍ നടന്ന ഏഷ്യന്‍ കനോയിങ് സ്പ്രിന്റ് മല്‍സരത്തിലെയും ഉസ്ബക്കിസ്താനില്‍ നടന്ന ഏഷ്യന്‍ കനോയിങ് സ്പ്രിന്റ് മല്‍സരത്തിലെയും പ്രകടനമാണ് ബെറ്റിയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. മൂന്നു ലക്ഷം രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഒളിംപ്യന്‍ സുരേഷ് ബാബു മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് ദ്രോണാചാര്യ ഒ എം നമ്പ്യാര്‍ അര്‍ഹനായി. കേരളത്തിന്റെ എക്കാലത്തെയും മികച്ച അത്‌ലറ്റ് പി ടി ഉഷ അടക്കമുള്ള താരങ്ങളുടെ പരിശീലകനായിരുന്നു ഒ എം നമ്പ്യാര്‍. രണ്ടു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മികച്ച കായിക പരിശീലകന് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ബോക്‌സിങ് പരിശീലകന്‍ ദ്രോണാചാര്യ ഡി ചന്ദ്രലാലിനു ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ഫലകവുമാണ് അവാര്‍ഡ്.
കോളജ് തലത്തിലുള്ള മികച്ച കായികാധ്യാപകനുള്ള അവാര്‍ഡിന് പാലാ അല്‍ഫോന്‍സ കോളജിലെ തങ്കച്ചന്‍ മാത്യുവും സ്‌കൂള്‍ തല അവാര്‍ഡിന് മാര്‍ ബേസില്‍ കോതമംഗലത്തിന്റെ ഷിബി മാത്യുവും അര്‍ഹരായി. 50,000 രൂപയും പ്രശംസാപത്രവും ഫലകവുമാണ് അവാര്‍ഡ്. മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച കോളജായി ചങ്ങനാശ്ശേരി അസംപ്ഷനും സ്‌കൂളായി സെന്റ് ജോസഫ് എച്ച്എസ്എസ് പുല്ലൂരാംപാറയും തിരഞ്ഞെടുക്കപ്പെട്ടു. 50,000 രൂപയും പ്രശംസാപത്രവും ഫലകവും ലഭിക്കും.
Next Story

RELATED STORIES

Share it