Second edit

ജി ആറും ഒന്നും

ഗ്രൂപ്പ് ഓഫ് സെവന്‍ അഥവാ ജി-7 ലോകത്തെ വന്‍ശക്തി രാജ്യങ്ങളുടെ സൂപ്പര്‍ ക്ലബ്ബായിരുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടും ജര്‍മനിയും ജപ്പാനും ഫ്രാന്‍സും കാനഡയും ഒക്കെ അടങ്ങുന്ന വമ്പന്‍മാരുടെ സഖ്യം.
പക്ഷേ, ഇപ്പോള്‍ ജി-7 എന്നതു മാറ്റി ജി 6+1 എന്ന മട്ടില്‍ പേരുമാറ്റം വേണമെന്ന നിര്‍ദേശമാണു പലരും ഉന്നയിക്കുന്നത്. കാരണം, ഗ്രൂപ്പിന്റെ തലവനായിരുന്ന അമേരിക്ക തങ്ങളുടെ കൂടെത്തന്നെയാണോ എന്ന കാര്യത്തില്‍ പലര്‍ക്കും ഉറപ്പില്ല. കാനഡയില്‍ നടക്കുന്ന ജി-7 സമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പങ്കെടുക്കുന്നുണ്ടെങ്കിലും മറ്റു രാഷ്ട്രത്തലവന്മാര്‍ അമേരിക്കയോടുള്ള തങ്ങളുടെ വിരോധം ഒട്ടും മറച്ചുവയ്ക്കുന്നില്ല.
അതിനു കാരണം ട്രംപിന്റെ വ്യാപാരനയങ്ങളാണ്. ഉരുക്കിനും അലൂമിനിയത്തിനും കൂറ്റന്‍ ചുങ്കമാണ് അമേരിക്ക ചുമത്തിയത്. അതിന്റെ ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടിവന്നത് തൊട്ട അയല്‍രാജ്യമായ കാനഡയും ഏഷ്യയിലെ ഉറ്റ അനുയായിയായ ദക്ഷിണ കൊറിയയുമാണ്.
അടുത്ത റൗണ്ടില്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് വന്‍ ചുങ്കം എന്നതാണത്രേ ട്രംപിന്റെ പരിപാടി. ജര്‍മനിയുടെയും ജപ്പാന്റെയും വയറ്റത്തടിക്കുന്ന പരിപാടിയായിരിക്കും അത്. ഇനി ക്ഷമിച്ചിട്ടു കാര്യമില്ല, സംഘടിതമായി തിരിച്ചടിക്കണം എന്നാണ് ഫ്രാന്‍സും കാനഡയും പറയുന്നത്. ജി-7 സഖ്യം തകരുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.
Next Story

RELATED STORIES

Share it