ജി അരവിന്ദന്‍ വിട പറഞ്ഞിട്ട് കാല്‍ നൂറ്റാണ്ട്; അപൂര്‍വ ഫോട്ടോകളുമായി ബൈജു ലക്ഷ്മണ്‍

കെ വി ഷാജി സമത

കോഴിക്കോട്: ചലച്ചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമായ ജി അരവിന്ദന്‍ യാത്രയായിട്ട് ഇന്നേക്ക് കാല്‍ നൂറ്റാണ്ട്. അരവിന്ദന്റെ അപൂര്‍വായ ഫോട്ടോഗ്രാഫുകള്‍ ഏറ്റവും വലിയ അംഗീകാരമായി കരുതി കാത്തുപോരുകയാണ് ഉത്തരായനത്തിലെ ബാലനടന്‍ ബൈജു ലക്ഷ്മണ്‍.
അരവിന്ദന് മികച്ച സംവിധായകന്‍ ഉള്‍പ്പെടെ അഞ്ച് സംസ്ഥാന ബഹുമതികളും ദേശീയ പുരസ്‌കാരവും ലഭിച്ച ഉത്തരായനത്തില്‍ ബൈജു വേഷമിട്ടത് 41 വര്‍ഷം മുമ്പ്. പിതാവും കോഴിക്കോട്ടെ സഹൃദയ സംഘത്തിലെ പ്രധാനികളില്‍ ഒരാളുമായിരുന്ന ലക്ഷ്മണിന്റെ ആല്‍ബത്തി ല്‍ നിന്നാണ് ബൈജു ഓര്‍മകളുടെ കുളിരിറ്റുവീഴുന്ന ഫോട്ടോകള്‍ അടര്‍ത്തിയെടുത്തത്. പിതാവിന്റെ മരണശേഷവും ഈ ഫോട്ടോകള്‍ ഇദ്ദേഹത്തിന്റെ ശേഖരത്തില്‍ ഭദ്രം. കെ ബാലകൃഷ്ണ ന്‍, പട്ടത്തുവിള, എം ടി വാസുദേവന്‍ നായര്‍, പി സി സുകുമാരന്‍ നായര്‍, വൈക്കം മുഹമ്മദ് ബഷീര്‍, തിക്കോടിയന്‍, ബാലന്‍ കെ നായര്‍ തുടങ്ങി അറിയപ്പടുന്നവരും അല്ലാത്തവരുമായ അതികായന്‍മാരുടെ'' സമ്പന്നമായ ചര്‍ച്ചാവേദികളിലെ അപൂര്‍വ നിമിഷങ്ങളാണ് ഫോട്ടോഗ്രാഫുകളില്‍ ഏറെയും. സാമൂഹിക ചിന്തയിലേക്കു തറച്ചുകയറിയ ഏതോ ഒരു കാര്‍ട്ടൂണിന്റെ പിറവിക്കുമുമ്പ് സിഗരറ്റ് ആഞ്ഞുവലിച്ച് ആലോചിക്കുന്നതും പുക ഉയരുന്ന സിഗരറ്റുമായി വര തുടങ്ങുന്നതുമായ രണ്ട് അരവിന്ദന്‍ ഫോട്ടോക ള്‍ ബൈജുവിന്റെ ഫോട്ടോശേഖരത്തില്‍ വേറിട്ടു നില്‍ക്കുന്നു. അരവിന്ദന്റെ കോഴിക്കോടന്‍ ജീവിതകാലത്ത് ഏതോ ലോഡ്ജ് മുറിയില്‍ ആരോ പകര്‍ത്തിയതാണ് ഈ ഫോട്ടോകള്‍. 1975ല്‍ പിതാവിനോടും മറ്റു ബന്ധുക്കളോടും ഒപ്പമാണ് ബൈജു തിക്കോടിയി ല്‍ ഉത്തരായനത്തിന്റെ ലൊക്കേഷനില്‍ എത്തിയത്. പിതാവിന്റെ ചങ്ങാതിക്കൂട്ടങ്ങളിലെ പതിവു സാന്നിധ്യമായിരുന്ന അരവിന്ദന്‍ പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ കാമറയ്ക്കുമുന്നില്‍ അതുപോലെ ചെയ്തു എന്നല്ലാതെ അന്നത്തെ തന്റെ മനസ്സിനെ ബൈജുവിന് ഇന്ന് ഓര്‍ത്തെടുക്കാനാവുന്നേയില്ല. സ്വാതന്ത്ര്യസമര കാലത്തിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍രഹിതന്റെ ജീവിതവും അന്വേഷണങ്ങളും ഇതിവൃത്തമാവുന്ന ഉത്തരായനത്തില്‍ പ്രമാണിയായ അടൂര്‍ഭാസിയുടെ വീട്ടിലെ അംഗമായാണ് ബൈജു ആദ്യമായും അവസാനമായും കാമറക്കു മുന്നില്‍ എത്തുന്നത്.
തിക്കോടിയന്‍, മങ്കട രവിവര്‍മ, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, രാഘവന്‍ മാസ്റ്റര്‍ തുടങ്ങി പ്രശസ്തര്‍ അണിയറയില്‍ തിളങ്ങിയ ഉത്തരായനമെന്ന ആദ്യ ചിത്രത്തോടെ അഭിനയരംഗം വിട്ട ബൈജു പിന്നീട് സിനിമയുമായി സഹകരിക്കുന്നത് ഹരിഹരന്റെ എന്ന് സ്വന്തം ജാനകിക്കുട്ടിയില്‍. എംടി തിരക്കഥയെഴുതി വി പി ഗംഗാധരന്‍ നിര്‍മിച്ച ഈ ഹരിഹരന്‍ സിനിമയുടെ കലാസംവിധാനത്തോടെ ബൈജു കലാസംവിധാനം എന്ന പണിയും അവസാനിപ്പിച്ചു. അരവിന്ദന്‍ ഉള്‍പ്പെടെയുള്ള പ്രതിഭാശാലികളുടെ ഫോട്ടോശേഖരം പകര്‍ത്തിയ കാലത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലങ്ങളെ വരച്ചിടുന്ന ഒരു പരമ്പരയാണ് ബൈജുവിന്റെ മനസ്സിലുള്ള ആഗ്രഹം.
Next Story

RELATED STORIES

Share it