ജിഹാദും ഭീകരതയും വ്യത്യസ്തം: താരീഖ് അന്‍വര്‍

മുംബൈ: ജിഹാദും ഭീകരതയും ഒരു നദിയുടെ രണ്ടു കരകള്‍പോലെ വ്യത്യസ്തമാണെന്നും അവ ഒരിക്കലും യോജിക്കുകയില്ലെന്നും എന്‍സിപി നേതാവ് താരീഖ് അന്‍വര്‍. എന്‍സിപി മഹാരാഷ്ട്ര ഘടകം സംഘടിപ്പിച്ച 'ഭീകരതയ്‌ക്കെതിരേ ജിഹാദ്' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി സര്‍ക്കാര്‍ രാജ്യത്തു നടക്കുന്ന ആക്രമണസംഭവങ്ങളെ ഇരട്ടത്താപ്പോടെയാണ് കാണുന്നത്. ഹിന്ദുത്വര്‍ നടത്തുന്ന ആക്രമണങ്ങള്‍ ഗുണ്ടാ പ്രവര്‍ത്തനമായും മുസ്‌ലിംകള്‍ നടത്തുന്നത് ഭീകരതയുമായാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ഇത് ആപല്‍ക്കരമാണ്. അദ്ദേഹം പറഞ്ഞു.
രാജ്യത്തു സമാധാനം നിലനിര്‍ത്തുന്നതിനുവേണ്ടി പ്രവര്‍ത്തിക്കേണ്ട ആഭ്യന്തരവകുപ്പ് അഭ്യസ്തവിദ്യരായ യുവാക്കളെ ഭീകരരായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ ലാഭത്തിനുവേണ്ടി ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതില്‍നിന്നു രാഷ്ട്രീയപാര്‍ട്ടികള്‍ പിന്തിരിയണമെന്ന് ചടങ്ങില്‍ സംസാരിച്ച അഖിലേന്ത്യാ മറാഠി ലിറ്ററി കോണ്‍ഫറന്‍സ് പ്രസിഡന്റ് ശ്രീപാല്‍ സാബ്‌നിസ് ആവശ്യപ്പെട്ടു. സംയമനം പാലിക്കാനും ഹൃദയ ശുദ്ധീകരണത്തിനുമുള്ള മാര്‍ഗമായാണ് ഇസ്‌ലാമില്‍ ജിഹാദിനെപ്പറ്റി പറയുന്നത്. അതൊരിക്കലും ഭീകരപ്രവര്‍ത്തനമല്ല.
രാജ്യത്തിന്റെ ഐക്യവും സമാധാനവും തകര്‍ക്കുന്ന പ്രവര്‍ത്തനമാണ് ഇന്ത്യയുടെ യഥാര്‍ഥ ശത്രുക്കളെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഐക്യത്തെപ്പറ്റി സംസാരിക്കുന്നവരുടെ വാക്കുകള്‍ കേള്‍ക്കാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകനും ആര്യസമാജം നേതാവുമായ സ്വാമി അഗ്‌നിവേശ് അഭിപ്രായപ്പെട്ടു.
ജിഹാദ് നടക്കുന്നുണ്ടെങ്കില്‍ അത് ദാരിദ്ര്യത്തിനും അസമത്വത്തിനും എതിരായിരിക്കണം. ബ്രിട്ടീഷുകാര്‍ക്കെതിരേ പൊരുതി മരിച്ച ഒരു ആര്‍എസ്എസ്സുകാരന്റെ പേരു പറയാനാവുമോ? അതേസമയം, സ്വാതന്ത്ര്യസമരത്തില്‍ ജീവന്‍ നഷ്ടപ്പെട്ട നിരവധി മുസ്‌ലിംകളുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
Next Story

RELATED STORIES

Share it