Flash News

ജിഷ വധക്കേസ്: ശിക്ഷ ഇന്നു പ്രഖ്യാപിക്കും

ജിഷ വധക്കേസ്: ശിക്ഷ ഇന്നു പ്രഖ്യാപിക്കും
X
കൊച്ചി: ദലിത് നിയമവിദ്യാര്‍ഥിനി ജിഷ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ പ്രതി അമീറുല്‍ ഇസ്‌ലാമിനെതിരേയുള്ള ശിക്ഷ ഇന്നു കോടതി പ്രഖ്യാപിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍ അനില്‍കുമാറാണ് ശിക്ഷ പ്രഖ്യാപിക്കുക. കേസില്‍ പ്രതിയായ അസം സ്വദേശി അമീറുല്‍ ഇസ്‌ലാം, താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും കൊല്ലപ്പെട്ടയാളെ അറിയില്ലെന്നും ഇന്നലെ കോടതിയില്‍ ബോധിപ്പിച്ചു.





തനിക്ക് 22 വയസ്സേയുള്ളൂവെന്നും കുട്ടിയും പ്രായമായ മാതാപിതാക്കളുമുണ്ടെന്നും അമീര്‍ പറഞ്ഞു. ശിക്ഷാവിധിയിലുള്ള ഇരുഭാഗങ്ങളുടെയും വാദം ഇന്നലെ പൂര്‍ത്തിയായി. ബലാല്‍സംഗ, കൊലപാതക കുറ്റങ്ങള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. കേസ് നിര്‍ഭയ കേസിനു തുല്യമാണ്. നിര്‍ഭയ കേസിലെ പ്രതിക്കും പ്രായം കുറവായിരുന്നുവെന്നും ഈ കേസിലും പ്രായക്കുറവ് പരിഗണിക്കേണ്ടതില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജിഷയുടെ കുടുംബത്തിനു മതിയായ നഷ്ടപരിഹാരവും അനുവദിക്കണം. കൃത്യമായ തെളിവുകളില്ലാതെയാണ് പ്രതിയെ കുറ്റക്കാരനാണെന്നു കണ്ടെത്തിയതെന്നും പരമാവധി ഇളവ് അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.

പ്രതിക്കു ജാമ്യം ലഭിക്കാതിരിക്കാന്‍ ശരിയായ അന്വേഷണം നടത്താതെ 90 ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. സംഭവം നടന്ന് 59 ദിവസത്തിനു ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. തുറന്ന വാതില്‍ മാത്രമുള്ള വീട്ടില്‍ അതിക്രമിച്ചുകടന്നുവെന്ന വാദം ശരിയല്ലെന്നും പ്രതിഭാഗം വാദിച്ചു. തുടര്‍ന്ന് ശിക്ഷ പ്രഖ്യാപിക്കുന്നത് ഇന്നത്തേക്കു മാറ്റുകയായിരുന്നു.
Next Story

RELATED STORIES

Share it