kasaragod local

ജിഷ വധക്കേസ്: വിചാരണ 29ന് തുടങ്ങും

വിദ്യാനഗര്‍: പ്രമാദമായ ജിഷ വധക്കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍ (രണ്ട്) 29ന് ആരംഭിക്കും. ലോക്കല്‍ പോലിസ് രണ്ട് തവണ നടത്തിയ അന്വേഷണത്തിനൊടുവില്‍ കോടതി നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നീലേശ്വരം മടിക്കൈ അടുക്കത്ത് പറമ്പ് കുലോം റോഡിലെ ഗള്‍ഫുകാരന്‍ രാജേന്ദ്രന്റെ ഭാര്യ ജിഷ (29) 2012 ഫെബ്രുവരി 19ന് രാത്രി ഭര്‍തൃഗൃഹത്തില്‍ കൊല്ലപ്പെട്ട കേസിലാണ് വിചാരണ. അടുക്കളയില്‍ വച്ച് ജിഷയെ വീട്ടുജോലിക്കാരനായ ഒഡീഷ ദൊപ്പുര്‍ ഒടിത്താറിലെ തുഷാര്‍ സിങ് എന്ന മഥന്‍മാലിക്ക് (22) കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
വൈദ്യുതി ബന്ധം വിഛേദിച്ചശേഷം പച്ചക്കറി മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തിക്കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. കവര്‍ച്ച നടത്തുകയായിരുന്ന പ്രതിയുടെ ലക്ഷ്യമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകത്തിന് ശേഷം വീടിന്റെ മുകളില്‍ ഒളിച്ചുകഴിയുന്നതിനിടയിലാണ് മഥന്‍ മാലിക്കിനെ അറസ്റ്റ് ചെയ്തത്. ആദ്യം ഹോസ്ദുര്‍ഗ് സിഐയാണ് കേസ് അന്വേഷിച്ചത്.
അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ജില്ലാ കോടതിയില്‍ വിചാരണ ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ അപാകതയുണ്ടെന്നും കേസ് പുനരന്വേഷണം നടത്തണമെന്നും കാണിച്ച് കൊല്ലപ്പെട്ട ജിഷയുടെ പിതാവ് നീലേശ്വരം കോട്ടമലയിലെ പി കെ കുഞ്ഞികൃഷ്ണന്‍ കോടതിയെ സമീപിച്ചു. അപേക്ഷ പരിഗണിച്ച കോടതി വിചാരണ തടയുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
തുടര്‍ന്ന് നിലേശ്വരം സിഐയായിരുന്ന ബാബു പെരിങ്ങോത്ത് കേസ് അന്വേഷിച്ചു. മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ നിലപാടുകളെ ശരിവച്ച് കൊണ്ട് കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ ജിഷയുടെ പിതാവ് രണ്ടാമത്തെ അന്വേഷണത്തിലും തൃപ്തനായില്ല. തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കോടതി ആവശ്യം അംഗീകരിക്കുകയും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഈ അന്വേഷണത്തിലും ലോക്കല്‍ പോലിസ് കണ്ടെത്തിയ കാര്യങ്ങള്‍ സ്ഥിരീകരിക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു.
Next Story

RELATED STORIES

Share it