ജിഷ വധക്കേസ്: പ്രതി റിമാന്‍ഡില്‍

പെരുമ്പാവൂര്‍: ജിഷ വധക്കേസ് പ്രതിയായ അസം സ്വദേശി അമീറുല്‍ ഇസ്‌ലാമി(23)നെ പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് കാക്കനാട് സബ് ജയിലിലേക്കു മാറ്റി.തിരിച്ചറിയല്‍ പരേഡ് ജയിലില്‍ തന്നെ നടത്തും. കേസ് നടപടികളിലെ കാലതാമസം ഒഴിവാക്കാനാണിത്.
പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ അന്വേഷണസംഘം ഇന്നലെ കോടതിയില്‍ നല്‍കിയില്ല. എന്നാല്‍, തിരിച്ചറിയല്‍ പരേഡിനുള്ള അപേക്ഷ റിമാന്‍ഡ് റിപോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചു. ഇതിനുശേഷം കസ്റ്റഡി അപേക്ഷ നല്‍കും.
പ്രതിക്ക് അസമീസ് ഒഴികെയുള്ള മറ്റു ഭാഷകള്‍ കാര്യമായി വശമില്ല. ഇതിനാല്‍ ദ്വിഭാഷിയുടെ സഹായത്തോടെയാണ് കോടതിയില്‍ ഹാജരാക്കിയത്. ബംഗാള്‍ സ്വദേശി ലിപ്ടണ്‍ ബിശ്വാസിനെയാണ് ദ്വിഭാഷിയായി നിയോഗിച്ചത്. പ്രതിക്കെതിരേ മതിയായ തെളിവുകളുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. പോലിസ് മര്‍ദ്ദിച്ചിരുന്നോ എന്നും നിയമസഹായം ആവശ്യമുണ്ടോയെന്നും മജിസ്‌ട്രേറ്റ് വി മഞ്ജു ചോദിച്ചു. മര്‍ദ്ദിച്ചില്ലെന്നും നിയമസഹായം വേണമെന്നുമായിരുന്നു പ്രതിയുടെ മറുപടി. ഇതിന്റെ അടിസ്ഥാനത്തില്‍ അഡ്വ. പി രാജനെ പ്രതിഭാഗം അഭിഭാഷകനായി കോടതി നിയോഗിച്ചു. വാദിഭാഗത്തിനായി പബ്ലിക് പ്രോസിക്യൂട്ടര്‍ പി എന്‍ അബ്ദുല്‍ ജലീല്‍ ഹാജരായി.
വൈകീട്ട് മൂന്നോടെ ആലുവ പോലിസ് ക്ലബ്ബില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. കറുത്ത തുണികൊണ്ട് തലമൂടിയ ശേഷം ഹെല്‍മറ്റ് ധരിപ്പിച്ച് 4.45ഓടെ കനത്ത സുരക്ഷയിലാണ് അമീറുല്‍ ഇസ്‌ലാമിനെ കോടതിയില്‍ കൊണ്ടുവന്നത്.
Next Story

RELATED STORIES

Share it