ജിഷ വധക്കേസ്: പോലിസ് ഭാഗം വിശദീകരിച്ച് ഐജിയുടെ റിപോര്‍ട്ട്



കൊച്ചി: ജിഷ വധക്കേസില്‍ പോലിസിന് വീഴ്ച സംഭവിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കൊച്ചി റേഞ്ച് ഐജി മഹിപാല്‍ യാദവ് ഹൈക്കോടതിയില്‍ വിശദമായ റിപോര്‍ട്ട് സമര്‍പിച്ചു. വീട്ടില്‍ തനിച്ചായിരിക്കെ 2016 ഏപ്രില്‍ 28ന് പകല്‍ 12നും 9നും ഇടയിലാണ് ജിഷ കൊല്ലപ്പെടുന്നത്. അനസ് എന്ന വ്യക്തിയുടെ പരാതിയിന്‍മേലാണ് കുറുപ്പുപടി പോലിസ് ഐപിസി 302, 449 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. പിറ്റേ ദിവസം ഐപിസി 376 കൂടി ചേര്‍ത്തു.
എസ്എസി-എസ്ടി ആക്ട് പ്രകാരം മെയ് അഞ്ചിനും കേസെടുത്തു. പോലിസ് ആത്മാര്‍ഥതയോടെയും പക്ഷപാതമില്ലാതെയുമാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയത്. സംഭവം അറിഞ്ഞ് 10-15 മിനിറ്റിനകം എസ്‌ഐ സ്ഥലത്തെത്തി. രാത്രി 9.30ന് എസ്പിയും ഡിവൈഎസ്പിയും സ്ഥലത്തെത്തി. പിറ്റേ ദിവസം ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഫോട്ടോഗ്രാഫറും സ്ഥലത്തെത്തി. 30ാം തിയ്യതി ഐജി സ്ഥലം പരിശോധിച്ചു. പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം പിറ്റേദിവസം വൈകീട്ട് 6.45ന് ജിഷയുടെ പിതാവിന്റെ സഹോദരനാണ് കൈമാറിയത്. തുടര്‍ന്ന്, പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയുടെ വൈദ്യുത ശ്മശാനത്തില്‍ മതാചാരപ്രകാരം ദഹിപ്പിച്ചു.
കുറുപ്പുംപടി എസ്‌ഐക്ക് ജിഷയുടെ അമ്മാവന്‍ സുരേഷ് ഇതുസംബന്ധിച്ച് അപേക്ഷ നല്‍കിയിരുന്നു. കൂടാതെ, സഹോദരി ദീപയും മുനിസിപ്പാലിറ്റിയില്‍ മൃതദേഹം ദഹിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സമ്മതപത്രം നല്‍കി. തുടര്‍ന്ന് കുറുപ്പുപടി എസ്എച്ച്ഒ ബന്ധുക്കള്‍ക്ക് എന്‍ഒസി നല്‍കി.
പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബുവും സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ശേഷമാണ് മൃതദേഹം ദഹിപ്പിച്ചത്. പല്ല്, നഖം, മുടി, ആന്തരികാവയവങ്ങള്‍, രക്തസാമ്പിള്‍ തുടങ്ങിയ തെളിവുകള്‍ എല്ലാം പോസ്റ്റ്‌മോര്‍ട്ടസമയത്ത് സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം സമയത്തെ വീഡിയോയും ഫോട്ടോകളുമുണ്ടെന്നും ഐജി വിശദീകരിച്ചു. നിലവില്‍ അന്വേഷണം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ തുടങ്ങിക്കഴിഞ്ഞതായും ഐജി നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it