Flash News

ജിഷ വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമെന്ന് കോടതി

സി എ സജീവന്‍

കൊച്ചി:  ജിഷയുടെ കൊലപാതകത്തെ അപൂര്‍വങ്ങളി ല്‍ അപൂര്‍വമായ കേസായി പരിഗണിക്കുകയാണെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷ സ്ത്രീസമൂഹത്തിന്റെയാകെ അഭിമാനവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കാന്‍ പര്യാപ്തവുമാകുമെന്നു കരുതുന്നതായും ഉത്തരവില്‍ കോടതി നിരീക്ഷിച്ചു. നിയമ വിദ്യാര്‍ഥിനി എന്നതിലുപരി നിര്‍ധനയും ദലിത് വിഭാഗത്തില്‍പ്പെട്ടയാളുമായ പെണ്‍കുട്ടിയോട് സമാനതകളില്ലാത്ത ക്രൂരതകളാണ് പ്രതി ചെയ്തിട്ടുള്ളത്. ലൈംഗികമായി പീഡിപ്പിച്ചതിന് പുറമേ ജനനേന്ദ്രിയം വരെ പിച്ചിച്ചീന്തി മൃഗീയമായി ഒരു പെ ണ്‍കുട്ടിയെ കൊന്നു. താന്‍ കുറ്റം ചെയ്തില്ലെന്നും ദരിദ്ര കുടുംബത്തില്‍ പ്പെട്ടയാളാണെന്നും ഭാര്യയും മക്കളുമുണ്ടെന്നുമുള്ള പ്രതിയുടെ വാദങ്ങളെ ഈ ക്രൂരതകള്‍ക്കു മുമ്പില്‍ ഒരുതരത്തിലും പരിഗണിക്കാനാവില്ല. ഈ വാദങ്ങള്‍ പരിഗണിച്ച് എന്തെങ്കിലും ഇളവ് നല്‍കിയാ ല്‍ അത് തെറ്റായ സന്ദേശമാവും സമൂഹത്തിന് നല്‍കുക. പ്രമാദമായ പല കേസുകളിലും സുപ്രിംകോടതി ഈ നിരീക്ഷണം നടത്തുന്നുണ്ട്. ഒരു കുടുംബത്തെ മാത്രമല്ല സമൂഹത്തെയാകെ അസ്വസ്ഥതപ്പെടുത്തുന്ന നിഷ്ഠുര കൊലപാതകമാണ് പ്രതി നടത്തിയിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍ ഈ കൊലപാതകത്തെ സുപ്രിംകോടതി മാനദണ്ഡങ്ങള്‍ പ്രകാരമുള്ള അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന ഗണത്തില്‍ ഉള്‍പ്പെടുത്താം. താന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ പ്രതി ഉയര്‍ത്തിയ വാദങ്ങളെല്ലാംതന്നെ ദുര്‍ബലവും കേസിന്റെ ഗൗരവത്തെ ലഘൂകരിക്കുന്നതുമാണ്. പ്രതി സല്‍സ്വഭാവിയാണെന്നും മുമ്പ് ഒരു കേസിലും പ്രതിയല്ലെന്നുമുള്ള വാദങ്ങള്‍ പരിഗണിച്ച് ഈ നിഷ്ഠുര കൃത്യത്തിനുള്ള ശിക്ഷയില്‍ ഇളവ് നല്‍കാനാവില്ല. ദരിദ്രയായ ഒരു പെണ്‍കുട്ടിയുടെ നീതിക്കുവേണ്ടിയുള്ള തുടര്‍ച്ചയായ പോരാട്ടമാണ് ഈ കേസിന്റെ അടിസ്ഥാനം. അരക്ഷിതമായ സാമൂഹിക-സാമ്പത്തിക ചുറ്റുപാടുകളില്‍ ജീവിച്ചിരുന്നയാളാണ് ഇരയായ പെണ്‍കുട്ടി. 38 മുറിവുകളാണ് പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നത്. മരിക്കുന്നതിനു മുമ്പ് വെള്ളം ചോദിച്ചെങ്കിലും അതു നല്‍കാതിരുന്ന പ്രതി മദ്യമാണു വായില്‍ ഒഴിച്ചുകൊടുത്തത്. കൊലപാതകത്തില്‍ പ്രതിക്കുള്ള പങ്ക് ഡിഎന്‍എ പരിശോധനയിലൂടെയും സാക്ഷിമൊഴികളിലൂടെയും തെളിഞ്ഞിട്ടുണ്ട്. ഇത്രയും ശക്തമായ തെളിവുകളെ കോടതി വിശ്വാസത്തില്‍ എടുക്കുകയാണ്. ഒരു സമൂഹത്തിന്റെ പുരോഗതി അളക്കാനുള്ള ഏറ്റവും നല്ല തെര്‍മോമീറ്റര്‍ സ്ത്രീകളോടുള്ള പരിഗണനയാണെന്ന സ്വാമി വിവേകാനന്ദന്റെ ഉദ്ധരണി രേഖപ്പെടുത്തിയാണ് വിധി അവസാനിക്കുന്നത്.
Next Story

RELATED STORIES

Share it