Flash News

ജിഷ വധം: വിധിപ്രഖ്യാപനം 12ന്

കൊച്ചി: പെരുമ്പാവൂരില്‍ ദലിത് നിയമവിദ്യാര്‍ഥിനി ജിഷ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ ഈ മാസം 12ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. ഇരുഭാഗത്തിന്റെയും വാദം ഇന്നലെ പൂര്‍ത്തിയായി. ഏപ്രില്‍ മൂന്നിനാണ് കേസില്‍ വിചാരണാ നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് പോസിക്യൂഷനും പ്രതിഭാഗവും കഴിഞ്ഞ എട്ടുദിവസമായി നടത്തിയ അന്തിമവാദത്തിനു ശേഷമാണ് കോടതി കേസ് വിധിപറയാന്‍ മാറ്റിയത്. അസം സദേശി അമീറുല്‍ ഇസ്‌ലാമാണ് കേസിലെ ഏകപ്രതി. പ്രതിക്കെതിരേ പ്രോസിക്യൂഷന്‍ 100 സാക്ഷികളെയും 212 രേഖകളും 36 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗം അഞ്ചു സാക്ഷികളെയും 19 രേഖകളുമാണ് ഹാജരാക്കിയത്. സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസ് ഏറ്റെടുത്തു നടത്തുന്നത് ഏറെ ശ്രമകരമായിരുന്നുവെന്ന് പ്രോസിക്യൂഷനും എന്നാല്‍, സാഹചര്യങ്ങളുടെ കണ്ണികള്‍ കൃത്യമായി കോര്‍ത്തിണക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് പ്രതിഭാഗവും വാദിച്ചു. കൃത്യം നടന്നുവെന്ന് പ്രോസിക്യൂഷന്‍ പറയുന്ന 2016 ഏപ്രില്‍ 28ന് പ്രതി സ്ഥലത്തില്ലായിരുന്നുവെന്നും അതിനാല്‍ പ്രതിയെയും ജിഷയെയും ഒരുമിച്ചു കണ്ടെന്ന വാദം പരിഗണിക്കാനാവില്ലെന്നും സാഹചര്യത്തെളിവുകളുടെ പരിമിതി കണക്കിലെടുത്ത് സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് നല്‍കണമെന്നും പ്രതിഭാഗം വാദിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കൊലപാതകം, ബലാല്‍സംഗം, വീടിനകത്ത് അതിക്രമിച്ചുകയറല്‍, തെളിവു നശിപ്പിക്കല്‍ എന്നിവയും ദലിത് പീഡന നിരോധന നിയമത്തിലെ വകുപ്പുകളുമാണ് പ്രതി അമീറിനെതിരേ കോടതി ചുമത്തിയത്. ജിഷയുടെ അമ്മ രാജേശ്വരിയെ പ്രോസിക്യൂഷന്‍ സാക്ഷിയായി വിസ്തരിച്ചു. പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരത്തിനുശേഷം പ്രതിഭാഗത്തിന്റെ അപേക്ഷയെ തുടര്‍ന്ന് ജിഷയുടെ സഹോദരി ദീപയെയും കോടതി വിസ്തരിച്ചു. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരിലെ ഒറ്റമുറി വീട്ടില്‍ ജിഷ ദാരുണമായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിനും പ്രതിയുടെ അറസ്റ്റിനും ശേഷം 2016 സപ്തംബര്‍ 17ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it