Kerala

ജിഷ വധം: പ്രതിയെ ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞു; അമീറിന്റെ സുഹൃത്തിനായി അസമില്‍ അന്വേഷണം 

ജിഷ വധം: പ്രതിയെ ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞു; അമീറിന്റെ സുഹൃത്തിനായി അസമില്‍ അന്വേഷണം 
X
jisha-murder-case

പെരുമ്പാവൂര്‍: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാം കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട ഓട്ടോറിക്ഷയുടെ ഡ്രൈവറെ പോലിസ് കണ്ടെത്തി. കുറുപ്പംപടി തിയേറ്റര്‍ പടിക്കല്‍ സ്റ്റാന്‍ഡിലെ ഓട്ടോയിലാണ് ഇയാള്‍ മടങ്ങിയത്. ആലുവ പോലിസ് ക്ലബ്ബില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ അമീറുല്‍ ഇസ്‌ലാമിനെ ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞു.
പ്രതിയെ ഇതരസംസ്ഥാനക്കാര്‍ക്കൊപ്പം ഒരുമിച്ചു നിര്‍ത്തിയായിരുന്നു പരേഡ്. കൃത്യത്തിനുശേഷം ഓട്ടോയില്‍ കയറിയ പ്രതി പെരുമ്പാവൂരിലെ താമസസ്ഥലത്തെത്തി വസ്ത്രങ്ങളടങ്ങിയ ബാഗെടുത്ത് വീണ്ടും ഇതേ ഓട്ടോയിലാണ് ആലുവ റെയില്‍വേ സ്‌റ്റേഷനിലേക്കു പോയതെന്ന് ഡ്രൈവര്‍ മൊഴിനല്‍കി. നേരത്തെ നാലു സാക്ഷികള്‍ അമീറിനെ തിരിച്ചറിഞ്ഞിരുന്നു.
ജിഷയുടെ അയല്‍വാസിയായ വീട്ടമ്മ, അമീര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ, അവിടെ താമസിച്ചിരുന്ന തൊഴിലാളി, അമീര്‍ ചെരിപ്പ് വാങ്ങിയ കടക്കാരന്‍ എന്നിവരാണിവര്‍. അതേസമയം, അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതി ബോധപൂര്‍വം ശ്രമിക്കുന്നതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ജിഷയെ കൊലപ്പെടുത്തിയതു താന്‍ ഒറ്റയ്ക്കല്ലെന്നാണ് അമീറിന്റെ പുതിയ മൊഴി. ഇത് കേസ് അനിശ്ചിതമായി നീളാനും തനിക്കൊരു കൂട്ടാളിയെ കിട്ടാനും പ്രതി മനപ്പൂര്‍വം പറയുന്നതാണോയെന്നും പോലിസ് സംശയിക്കുന്നുണ്ട്. കൊലയ്ക്കുശേഷം മുറിയിലെത്തിയ അമീര്‍ സുഹൃത്ത് അനാറുല്‍ ഇസ്‌ലാമിനോടു സംഭവിച്ചതെല്ലാം പറഞ്ഞതിനെത്തുടര്‍ന്ന് കത്തിയും വസ്ത്രങ്ങളും ഒളിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടാവാമെന്നാണു വിലയിരുത്തല്‍. കൂടാതെ, അമീറിനെ പെരുമ്പാവൂരില്‍ നിന്നു രക്ഷപ്പെടാന്‍ സഹായിച്ചത് അനാര്‍ ആയിരിക്കാനാണു സാധ്യതയെന്നും കരുതുന്നു.
കൃത്യത്തിനുശേഷം നിശ്ചിതസമയം കഴിഞ്ഞാണ് ജിഷയുടെ വീട്ടില്‍ നിന്നു പ്രതി പുറത്തിറങ്ങിയത്. ഇക്കാര്യം ജിഷയുടെ അയല്‍വാസിയുടെ മൊഴിയില്‍ നിന്നു വ്യക്തമാണ്. അതേസമയം, അമീറുല്‍ ഇസ്‌ലാമിന്റെ പോലിസ് കസ്റ്റഡി കാലാവധി ഈ മാസം 30ന് അവസാനിക്കും. എട്ടുദിവസം നീണ്ട ചോദ്യംചെയ്യലില്‍ നിന്നു കാര്യമായ തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ലെന്നാണു വിവരം. കൊലയ്ക്കുപയോഗിച്ച ആയുധം, സംഭവസമയം പ്രതി ധരിച്ച വസ്ത്രം എന്നിവയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ ലഭിക്കുന്നതിനു കോടതിയില്‍ അപേക്ഷ നല്‍കാനാണ് പോലിസ് നീക്കം.
പ്രതിയുടെ സുഹൃത്തിനായി ക്രൈംബ്രാഞ്ച് എസ്പി പി കെ മധു, ഷാഡോ എസ്‌ഐ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അസമില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. അസം പോലിസിന്റെ സഹകരണത്തോടെയാണ് അന്വേഷണം.
Next Story

RELATED STORIES

Share it