Kerala

ജിഷ വധം: പ്രതിയുടെ ഡിഎന്‍എ തിരിച്ചറിഞ്ഞു; കുറ്റവാളിയുടെ പൂര്‍ണരൂപം ലഭിച്ചതായി ആഭ്യന്തരമന്ത്രി

പെരുമ്പാവൂര്‍: ദലിത് നിയമവിദ്യാര്‍ഥിനി ജിഷയുടെ ഘാതകന്‍ പോലിസ് കസ്റ്റഡിയിലുള്ള ബംഗാളിയാണെന്ന നിഗമനത്തിലേക്ക് പോലിസ് എത്തിയെങ്കിലും കൊലയാളിയുടെ ഡിഎന്‍എ ഫലം ലഭിച്ചതോടെ ദുരൂഹത വീണ്ടും ശക്തമായി. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഹരികുമാര്‍ എന്നയാളാണ് പ്രതിയെന്ന നിഗമനത്തിലാണ് പോലിസ്.
പ്രതിയുടെ അറസ്റ്റ് തിരഞ്ഞെടുപ്പിന്റെ തലേദിവസം പ്രഖ്യാപിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ലഭിച്ച ഡിഎന്‍എ ഫലം ഹരികുമാറിന്റേതാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ അറസ്റ്റ് ഇന്നുണ്ടായേക്കില്ല. ജിഷയുടെ പുറത്തെ കടിയേറ്റ പാട് പല്ലുകള്‍ക്ക് ഒരു സെന്റിമീറ്റര്‍ വിടവുള്ള ഒരാളുടേതാണെന്ന് പോലിസ് നേരത്തേ ഉറപ്പിച്ചിരുന്നു. കസ്റ്റഡിയിലുള്ള ഹരികുമാറിന് ഇത്തരത്തില്‍ പല്ലിന് വിടവുണ്ട്. സാഹചര്യത്തെളിവുകള്‍ കൂട്ടിയിണക്കിയാണ് ഹരികുമാറാണ് പ്രതിയെന്ന നിഗമനത്തില്‍ പോലിസ് എത്തിയത്. എന്നാല്‍, കൂട്ടുപ്രതികളെ കൂടി കണ്ടെത്തിയാല്‍ മാത്രമേ കൊല ആസൂത്രണം ചെയ്ത വ്യക്തി ആരാണെന്ന് സ്ഥിരീകരിക്കാനാവൂ.
കടിയേറ്റ ഭാഗത്ത് ജിഷയുടെ ചുരിദാറില്‍ കടിച്ചയാളുടെ ഉമിനീര്‍ കലര്‍ന്നിരുന്നു. തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ നടത്തിയ പരിശോധനയില്‍ ഈ ഉമിനീരില്‍നിന്നു പ്രതിയുടെ ഡിഎന്‍എ പ്രൊഫൈല്‍ ലഭിച്ചു. ഇതാണ് വഴിത്തിരിവായത്. കസ്റ്റഡിയിലുള്ള ചിലരുടെ ഡിഎന്‍എ പരിശോധിച്ചെങ്കിലും ജിഷയുടെ വസ്ത്രത്തില്‍നിന്നു ലഭിച്ച ഡിഎന്‍എയുമായി യോജിക്കുന്നില്ല.
അതേസമയം, പ്രതിയെക്കുറിച്ചുള്ള പൂര്‍ണരൂപം ലഭിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഡിഎന്‍എ പ്രൊഫൈല്‍ കണ്ടെത്തിയതോടെയാണ് നിര്‍ണായക വഴിത്തിരിവുണ്ടായത്. ഇതിലൂടെ ഘാതകന്‍ ആരാണെന്ന് കൃത്യമായി തിരിച്ചറിയാനാവും. പോലിസിനുമേല്‍ സമ്മര്‍ദ്ദങ്ങളുണ്ടെങ്കിലും കേസന്വേഷണത്തെ ബാധിക്കില്ല. സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് പലരും ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it