ജിഷ വധം: കത്തി സംബന്ധിച്ച് അവ്യക്തത; കനാലില്‍ പരിശോധന നടത്തി

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതക കേസിലെ പ്രതിയെ പിടികൂടിയെങ്കിലും കൊലനടത്തിയ കത്തി സംബന്ധിച്ച് അവ്യക്തത തുടരുന്നു. കത്തിക്കുവേണ്ടി പോലിസ് കനാലില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തി. എന്നാല്‍, കനാലില്‍ കിടന്ന കത്തി നേരത്തെ ആരോ എടുത്തു കൊണ്ടുപോയതായും സൂചനയുണ്ട്.
പിടിയിലായ പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ മൊഴിയെ തുടര്‍ന്ന് കൊലപാതകത്തിന് ഉപയോഗിച്ച കത്തി നേരത്തെ നടത്തിയ തിരിച്ചിലിനിടയില്‍ ഇയാള്‍ താമസിച്ചിരുന്ന പെരുമ്പാവൂര്‍ വൈദ്യശാലപ്പടിയിലുള്ള താമസസ്ഥലത്തു നിന്നു കണ്ടെടുത്തിരുന്നു. എന്നാല്‍, ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ ഈ കത്തി ഉപയോഗിച്ചല്ല കൊല നടത്തിയതെന്ന സൂചന ലഭിച്ചതോടെയാണ് കത്തിക്കായി വീണ്ടും തിരച്ചില്‍ ആരംഭിച്ചിരിക്കുന്നത്. കത്തി ഉപേക്ഷിച്ച സ്ഥലം സംബന്ധിച്ച് പ്രതി അമീറുല്‍ ഇസ്‌ലാം പല വിധത്തിലുള്ള മൊഴിയാണ് നല്‍കുന്നത്. കൊലപാതകത്തിനു ശേഷം ജിഷയുടെ വീടിനു സമീപമുള്ള കനാലില്‍ കത്തി ഉപേക്ഷിച്ചെന്നും ഇയാള്‍ മൊഴിനല്‍കിയിരുന്നു. തുടര്‍ന്നാണ് വീണ്ടും ഇന്നലെ രാവിലെ 11 മണിയോടെ പ്രത്യേക അന്വേഷണ സംഘം ജിഷയുടെ വീടിനു മുന്നിലുള്ള കനാല്‍ കേന്ദ്രീകരിച്ച് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് അന്വേഷണം നടത്തിയത്.
കനാലിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് പൂര്‍ണമായും തടഞ്ഞ—ശേഷമായിരുന്നു പരിശോധന. രാവിലെ ആരംഭിച്ച പരിശോധന ഏറെ വൈകിയാണ് അവസാനിപ്പിച്ചതെങ്കിലും കത്തി ലഭിച്ചതായി സൂചനയില്ല. കുടുംബശ്രീ പ്രവര്‍ത്തകര്‍ കനാല്‍ ശുചീകരിച്ചതിനാലും ഇടയ്ക്ക് വെള്ളമില്ലാതെ ശുദ്ധമായി കിടക്കുന്നതിനാലും ആരോ കത്തി എടുത്തു കൊണ്ടുപോയതാവാമെന്നും പോലിസ് അനുമാനിക്കുന്നു.
Next Story

RELATED STORIES

Share it