Flash News

ജിഷ വധം : അമീറുല്‍ ഇസ്‌ലാമിനെ നേരിട്ട് ചോദ്യം ചെയ്യല്‍ നടപടി പൂര്‍ത്തിയാക്കി



കൊച്ചി: പെരുമ്പാവൂരില്‍ ദലിത് നിയമവിദ്യാര്‍ഥിനി ജിഷ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതി അമീറുല്‍ ഇസ്‌ലാമിനെ നേരിട്ടു ചോദ്യംചെയ്യുന്ന നടപടി വിചാരണക്കോടതി പൂര്‍ത്തിയാക്കി. സാക്ഷിമൊഴികളുടെയും പോലിസ് കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളുടെയും വെളിച്ചത്തില്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട 921 ചോദ്യങ്ങള്‍ ദ്വിഭാഷിയുടെ സഹായത്തോടെ കോടതി പ്രതിയോടു ചോദിച്ചു. രണ്ടു ദിവസംകൊണ്ടാണ് ഈ നടപടിക്രമം പൂര്‍ത്തിയായത്. പ്രതിഭാഗം സാക്ഷികളുടെ പട്ടിക അടുത്ത ദിവസങ്ങളില്‍ അമീറുല്‍ ഇസ്‌ലാമിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിക്കും. കോടതി വിസ്തരിച്ച 100 സാക്ഷികളില്‍ അമീറിന്റെ സഹോദരന്‍ ബദറുല്‍ ഇസ്‌ലാം മാത്രമാണു കൂറുമാറിയത്.  കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച 290 രേഖകളും 36 തൊണ്ടിമുതലുകളും കോടതി പരിശോധിച്ചു.2016 ഏപ്രില്‍ 28ന് പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിലാണു ജിഷ കൊല്ലപ്പെട്ടത്. വിചാരണ പൂര്‍ത്തിയാക്കി രണ്ടു മാസത്തിനുള്ളില്‍ കോടതി കേസില്‍ വിധിപറയും.
Next Story

RELATED STORIES

Share it