Flash News

ജിഷ്ണു പ്രണോയ് കേസ്‌ : സര്‍ക്കാര്‍ പത്രപരസ്യം നല്‍കിയതിനെ വിമര്‍ശിച്ച് വിജിലന്‍സ് കോടതി



തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അമ്മ മഹിജ ഡിജിപി ഓഫിസിന് മുന്നില്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടപടികള്‍ വിശദീകരിച്ച് പത്രങ്ങളില്‍ പരസ്യം നല്‍കിയതിനെതിരേ വിജിലന്‍സ് കോടതി. ഏപ്രില്‍ എട്ടിനായിരുന്നു മലയാളം, ഇംഗ്ലീഷ് പത്രങ്ങളില്‍ പിആര്‍ഡി പരസ്യം നല്‍കിയത്. ഇതിനെ ചോദ്യംചെയ്തും വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടും പൊതുപ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹരജി ഇന്നലെ പരിഗണിക്കവെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. സര്‍ക്കാര്‍ പത്രപരസ്യം നല്‍കിയത് നിയമലംഘനവും പൊതുജനങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ട് വാരുന്ന നടപടിയുമാണെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്രസര്‍ക്കാരിന്റെയും സുപ്രിംകോടതിയുടെയും മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പരസ്യം നല്‍കിയത്. മലപ്പുറം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഇത്തരം പരസ്യം നല്‍കിയതെന്ന പരാതിക്കാരന്റെ വാദം നിലനില്‍ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയില്‍ എത്തുന്ന ഏത് അഴിമതി കേസുകളെയും ലീഗല്‍ അഡൈ്വസര്‍ കണ്ണടച്ച് എതിര്‍ക്കുന്നത് എന്തിനാണെന്നും കോടതി ആരാഞ്ഞു. അതേ സമയം, പത്രപരസ്യം നല്‍കുന്നതിന് സര്‍ക്കാരിന് അധികാരമുണ്ടെന്ന് ലീഗല്‍ അഡൈ്വസര്‍ വിശദീകരിച്ചു. തുടര്‍ന്ന് ഇതിനാധാരമായ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ വാദം കേള്‍ക്കുന്നത് 12ലേക്ക് മാറ്റി.
Next Story

RELATED STORIES

Share it