Flash News

ജിഷ്ണു കേസ് സിബിഐക്ക്



കോഴിക്കോട്: പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസന്വേഷണം സിബിഐക്ക് വിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് സംബന്ധിച്ച കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കുകയാണ്. ജിഷ്ണുവിന്റെ കുടുംബം നേരത്തേ ഇക്കാര്യം ഡിജിപിയോട് ആവശ്യപ്പെട്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കേസ് സിബിഐക്ക് വിടുന്നതില്‍ തടസ്സമുണ്ടോയെന്ന്  ഡിജിപിയോട് ആരാഞ്ഞപ്പോള്‍ അനുകൂല നിലപാടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബോംബേറ് നടന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് സിബിഐക്ക് വിടുന്നതില്‍ തടസ്സമില്ല. ഇക്കാര്യം ഡിജിപിയെയും ജിഷ്ണുവിന്റെ അച്ഛനെയും അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ പിതാവ് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ പിണറായിയെ നേരില്‍ക്കണ്ട് കത്തു നല്‍കിയതിന് തൊട്ടുപിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജ് ബിടെക് കംപ്യൂട്ടര്‍ സയന്‍സ് ഒന്നാംവര്‍ഷ വിദ്യാര്‍ഥി കോഴിക്കോട് നാദാപുരം കിണറുള്ളപറമ്പത്ത് അശോകന്റെ മകന്‍ ജിഷ്ണു പ്രണോയി(19)യെ കഴിഞ്ഞ ജനുവരി ആറിനാണ് കോളജ് ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യൂനിവേഴ്‌സിറ്റി പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നും ജിഷ്ണുവിന്റെ കുടുംബവും സഹപാഠികളും ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it