Flash News

ജിഷ്ണു കേസ് : ഡിഎന്‍എ പരിശോധന അസാധ്യമെന്ന് പോലിസ്



തിരുവനന്തപുരം: പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണത്തില്‍ പോലിസിന് തിരിച്ചടി. ജിഷ്ണുവിന്റെ രക്തസാംപിളിന്റെ ഡിഎന്‍എ പരിശോധന അസാധ്യമാണെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പോലിസിനെ അറിയിച്ചു. കോളജിലെ ഇടിമുറിയില്‍ കണ്ടെത്തിയ രക്തക്കറയില്‍നിന്ന് ഡിഎന്‍എ വേര്‍തിരിക്കാന്‍ ആവശ്യമുള്ള രക്തം ലഭ്യമല്ലാത്തതാണ് പരിശോധനയ്ക്ക് തിരിച്ചടിയായത്. ഫെബ്രുവരിയില്‍ കോളജ് കാംപസില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍നിന്നു രക്തക്കറ കണ്ടെത്തിയത്. സമാനരീതിയില്‍ ജിഷ്ണു താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറി, ശുചിമുറി എന്നിവിടങ്ങളിലും കോളജ് പിആര്‍ഒയുടെ മുറിയിലും രക്തക്കറ കണ്ടെത്തിയിരുന്നു. ഇടിമുറിയെന്ന് വിശേഷിപ്പിക്കുന്ന മുറിയില്‍നിന്ന് കണ്ടെടുത്ത രക്തക്കറ ജിഷ്ണുവിന്റെ രക്തഗ്രൂപ്പായ ഒ പോസിറ്റീവ് തന്നെയാണെന്ന് ആദ്യ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇതോടെ ഈ മുറിയിലിട്ട് ജിഷ്ണുവിനെ മര്‍ദിച്ചതിന്റെ തെളിവാണെന്ന് ആരോപണം ഉയര്‍ന്നു. ഈ രക്തം ജിഷ്ണുവിന്റേതെന്നു കണ്ടെത്തിയാല്‍ മര്‍ദനത്തിന്റെ തെളിവാകുമെന്ന് പോലിസും വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിലാണ് മാതാപിതാക്കളുടെ രക്തസാംപിള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചത്. ഡിഎന്‍എ വേര്‍തിരിക്കാന്‍ കഴിയാതെ വന്നതോടെ കേസിലെ ഏറ്റവും നിര്‍ണായകമായ ശാസ്ത്രീയ തെളിവാണ് നഷ്ടമാവുന്നത്. കേ സില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ പ്രതിയാക്കി പോലിസ് അന്വേഷണ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിക്കുകയും നിര്‍ണായക ശാസ്ത്രീയ തെളിവ് ഇല്ലാതാവുകയും ചെയ്തതോടെ സാഹചര്യത്തെളിവുകളുടെ മാത്രം അടിസ്ഥാനത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് അന്വേഷണസംഘം. അതേസമയം, കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് പോലിസ് നടത്തുന്നതെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it