Flash News

ജിഷ്ണു കേസ് : അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ



ന്യൂഡല്‍ഹി: പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സുപ്രിംകോടതിയില്‍ അറിയിച്ചു. സംസ്ഥാന പോലിസ് അന്വേഷണത്തിന്റെ ആവശ്യമേയുള്ളൂവെന്നും അതിനു പര്യാപ്തമായ സംവിധാനം കേരള പോലിസിനുണ്ടെന്നും സിബിഐ വ്യക്തമാക്കി.  അതേസമയം, തീരുമാനം അറിയിക്കുന്നതിന് നാലു മാസം വൈകിപ്പിച്ച സിബിഐയെ സുപ്രിംകോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. അന്വേഷണം ഏറ്റെടുക്കാനാവില്ലെങ്കില്‍ എന്തിനാണ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയില്‍ മറുപടി നല്‍കാന്‍ സമയം ആവശ്യപ്പെട്ടതെന്നും ആരാഞ്ഞു. എന്നാല്‍, അഡീഷനല്‍ സോളിസിറ്റര്‍ ജനറലിന്റെ നിര്‍ദേശപ്രകാരമാണ് സമയം ആവശ്യപ്പെട്ടതെന്നായിരുന്നു ഇതിന് സിബിഐ അഭിഭാഷകന്‍ നല്‍കിയ മറുപടി. നിരവധി അഴിമതിക്കേസുകള്‍ അന്വേഷിക്കാനുള്ളതിനാല്‍ ജോലിഭാരം കൂടുതലാണെന്നും അതിനാല്‍ കേസ് ഏറ്റെടുക്കാനാവില്ലെന്നുമാണ് സിബിഐ അറിയിച്ചത്. എന്നാല്‍, കേസ് സിബിഐ ഏറ്റെടുക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ ഇന്നലെയും ആവര്‍ത്തിച്ചു.  അന്വേഷണം ഏറ്റെടുക്കാതിരിക്കാനുള്ള കാരണം വിശദമാക്കി തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണമെന്നും കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it