Flash News

ജിഷ്ണുവിന്റെ അച്ഛന്‍ ഡിജിപിയെ സന്ദര്‍ശിച്ചു ; കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്ന് ആവശ്യം



തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ അച്ഛന്‍ അശോകന്‍ ഡിജിപിയെ സന്ദര്‍ശിച്ചു. ഇന്നലെ രാവിലെയായിരുന്നു പോലിസ് ആസ്ഥാനത്ത് അച്ഛന്‍ അശോകനും രണ്ടു ബന്ധുക്കളും സംസ്ഥാന പോലിസ് മേധാവി ടി പി സെന്‍കുമാറിനെ സന്ദര്‍ശിച്ചത്. ജിഷ്ണുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പോലിസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടെന്ന് അശോകന്‍ ഡിജിപിയെ അറിയിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ടുള്ള പോലിസ് വീഴ്ചകള്‍ വിശദീകരിക്കുന്ന കത്തും അശോകന്‍ ഡിജിപിക്ക് കൈമാറി. സന്ദര്‍ശനം തൃപ്തികരമായിരുന്നുവെന്ന് അശോകന്‍ പിന്നീട് പ്രതികരിച്ചു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പശ്ചാത്തലത്തില്‍ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രത്യേക ഏജന്‍സി അന്വേഷിക്കണമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായമെന്നും അതുകൊണ്ട് കേസ് സിബിഐയെ ഏല്‍പ്പിക്കാന്‍ നടപടിയെടുക്കണമെന്നും അശോകന്‍ ഡിജിപിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു. അന്വേഷണത്തില്‍ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണം. മുന്‍ ഡിജിപിയടക്കം പോലിസുകാരില്‍ നിന്ന് ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നീതി കിട്ടിയില്ലെന്നും അതുകൊണ്ടാണ് നീതിമാനായ താങ്കളെ സമീപിക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൂടിക്കാഴ്ചയ്ക്കു ശേഷം പോലിസ് ആസ്ഥാനത്തെ വാഹനത്തിലാണ് അശോകനും ബന്ധുക്കളും റെയില്‍വെ സ്‌റ്റേഷനിലേക്ക് തിരിച്ചത്. കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് ജിഷ്ണുവിന്റെ അമ്മ മഹിജ ഡിജിപിയെ സന്ദര്‍ശിക്കാനെത്തിയത് സംഘര്‍ഷത്തിലും വിവാദത്തിലും കലാശിച്ചിരുന്നു. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്‌തെന്നും മഹിജ നടത്തിയ സമരം കൊണ്ട് എന്തുനേടിയെന്നുമായിരുന്നു ഡിജിപി ഓഫിസിന് മുന്നിലെ സമരത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചത്. കുടുംബം കഴിഞ്ഞയാഴ്ച മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. പോലിസ് അന്വേഷണം നടക്കുന്ന കേസായതിനാല്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് കമ്മീഷന്‍ അറിയിക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it