Kottayam Local

ജിഷയ്ക്കു നീതി ലഭ്യമാക്കുക; ജില്ലയില്‍ വ്യാപക പ്രതിഷേധം

കോട്ടയം: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയെ കൂരമായി മാനഭംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ജില്ലയില്‍ വ്യാപക പ്രതിഷേധം.
ജിഷയുടെ കുടുംബത്തിനു നീതി നടപ്പാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടും സമൂഹത്തില്‍ സ്ത്രീകള്‍ക്കു ലഭിക്കേണ്ട ആദരവ് യുവ മനസ്സുകളില്‍ ജനിപ്പിക്കുന്നതിനുമായി കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് പ്രതിഷേധ റാലി സംഘടിപ്പിച്ചു. വൈകീട്ട് നാലിന് കോട്ടയം ഗാന്ധി സ്‌ക്വയര്‍ പരിസരത്ത് നിന്ന് റാലി ആരംഭിച്ചു.
ചങ്ങനാശ്ശേരി: ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യുക, ജിഷക്ക് നീതിലഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ഥികള്‍ ചങ്ങനാശ്ശേരി നഗരത്തില്‍ വായ്മൂടിക്കെട്ടി പ്രകടനം നടത്തി.
പ്രകടനത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കുചേര്‍ന്നു. പെരുന്നയില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരംചുറ്റി പെരുന്ന ബസ് സ്റ്റാന്റില്‍ സമാപിച്ചു.
ജിഷയെ കൊലപ്പെടുത്തിയ പ്രതികളെ കണ്ടെത്തി തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ ജിഷ ഫോറം എന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരി നഗരത്തില്‍ പ്രതിഷേധ റാലി നടത്തുകയും സായാഹ്ന കൂട്ടായ്മ സംഘടിപ്പിക്കുകയും ചെയ്തു.
കോ ഓഡിനേറ്റര്‍ പി എം ബിലാല്‍ റഷീദ് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു.
വിനോദ് പണിക്കര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബിബിന്‍ വര്‍ഗീസ്, കടന്തോട്, മുജീബ് റഹ്മാന്‍, രേഷ്മ, ഫൈസല്‍, ആന്‍സി, ഫാദില്‍, നൗഫല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ആര്‍പ്പുക്കര: ജിഷയുടെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കേരളാ ഗവ. നേഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജില്‍ വായ്മൂടിക്കെട്ടി പ്രതിഷേധമാര്‍ച്ച് നടത്തി.
ആശുപത്രി സൂപ്രണ്ട് ഓഫിസിന് മുന്നില്‍ നടന്ന പ്രതിഷേധയോഗം കെജിഎന്‍എ ജില്ലാ സെക്രട്ടറി ഹേന ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂനിയന്‍ നേതാക്കളായ കൃഷ്ണന്‍ നായര്‍, അല്‍ഫോണ്‍സ സംസാരിച്ചു.
Next Story

RELATED STORIES

Share it