ജിഷയെ കൊലപ്പെടുത്തിയത് ഒറ്റയ്ക്കല്ലെന്ന് പ്രതി; കൂടുതല്‍ പരിക്കേല്‍പ്പിച്ചത് സുഹൃത്ത് അനാറുല്‍ ഇസ്‌ലാം

കൊച്ചി: പെരുമ്പാവൂരിലെ ദലിത് നിയമവിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയത് താന്‍ ഒറ്റയ്ക്കല്ലെന്ന് പ്രതി അമീറുല്‍ ഇസ്‌ലാം. സുഹൃത്ത് അനാറുല്‍ ഇസ്‌ലാമും ഒപ്പമുണ്ടായിരുന്നു. ജിഷയെ കൂടുതല്‍ പരിക്കേല്‍പ്പിച്ചത് അനാറാണെന്നും അമീറുല്‍ ഇസ്‌ലാം അന്വേഷണസംഘത്തിന് മൊഴിനല്‍കി.
അതേസമയം, ചോദ്യംചെയ്യലില്‍ പ്രതി മൊഴി മാറ്റിപ്പറയുന്നത് പോലിസിനെ കുഴക്കുകയാണ്. ഈ സാഹചര്യത്തില്‍ മൊഴി സംബന്ധിച്ച ശാസ്ത്രീയ സ്ഥിരീകരണത്തിനായി പോളിഗ്രാഫ് പരിശോധന നടത്താനാണ് ആലോചന. അനുമതിക്കായി അന്വേഷണസംഘം കോടതിയെ സമീപിക്കും. നാര്‍ക്കോ, ബ്രെയിന്‍ മാപ്പിങ് പരിശോധനകള്‍ക്ക് നിയമതടസ്സങ്ങള്‍ ഉള്ളതിനാലാണ് പോളിഗ്രാഫ് പരിശോധന തിരഞ്ഞെടുത്തത്. കൊല നടത്തിയത് താനാണെന്ന് സമ്മതിച്ചെങ്കിലും എന്തിനാണെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ പ്രതി തയ്യാറായിട്ടില്ല. അന്വേഷണസംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് നിര്‍വികാരനായാണ് അമീറുല്‍ ഇസ്‌ലാം മറുപടി നല്‍കുന്നത്.
കേസന്വേഷണ പുരോഗതിക്കായി കൊലയ്ക്കുപയോഗിച്ച ആയുധവും പ്രതി അന്നേദിവസം ധരിച്ചിരുന്ന വസ്ത്രവും കണ്ടെത്തേണ്ടതുണ്ട്. അസമിലേക്ക് കടന്ന അനാറുല്‍ ഇസ്‌ലാമിനെ കണ്ടെത്താത്തതും തിരിച്ചടിയായി. ഇയാളില്‍നിന്ന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലിസിന്റെ പ്രതീക്ഷ. അതിനാല്‍ അനാറിനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കി.
കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. നാലാമതൊരു വിരലടയാളമാണ് ഇത്തരമൊരു സംശയം ബലപ്പെടുത്തുന്നത്. കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രതിയെ അസമില്‍ കൊണ്ടുപോവുന്നത് ഒഴിവാക്കി കാഞ്ചീപുരത്തും പെരുമ്പാവൂരിലുമെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് സാധ്യത.
Next Story

RELATED STORIES

Share it