ജിഷയുടെ മാതാവിനെ അടുത്ത ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ജിഷയുടെ മാതാവ് രാജേശ്വരിയെ അടുത്ത ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. നിലവില്‍ ജിഷയുടെ വീട്ടില്‍ താമസിക്കാ ന്‍ കഴിയാത്ത സാഹചര്യത്തില്‍ പുതിയൊരു വാടകവീട്ടിലേക്കായിരിക്കും രാജേശ്വരിയെ മാറ്റിത്താമസിപ്പിക്കുക. ഇതിനായി ജില്ലാ കലക്ടറുടെ നിര്‍ദേശാനുസരണം മൂവാറ്റുപുഴ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ തഹസില്‍ദാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പെരുമ്പാവൂര്‍ വില്ലേജ് ഓഫിസിന്റെ കീഴില്‍ പുതിയൊരു വാടകവീട് കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുന്നുണ്ട്. ജിഷയുടെ മാതാവിനു താമസിക്കുന്നതിനുള്ള വീടിന്റെ നിര്‍മാണം പൂര്‍ത്തിയായതിനുശേഷം ഇവരെ വാടകവീട്ടില്‍ നിന്നും അങ്ങോട്ടേയ്ക്ക് മാറ്റും. ജിഷയുടെ മാതാവിന്റെ മാനസികാവസ്ഥ ശാന്തമായതിനാലാണ് ഇവരെ വീട്ടിലേക്കു മാറ്റുന്നത്. ജിഷയുടെ കൊലപാതകം നടന്നപ്പോള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്ന രാജേശ്വരി പരസ്പരവിരുദ്ധമായി പലതും പുലമ്പുകയും വാവിട്ടു കരയുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ രാജേശ്വരിയെ സന്ദര്‍ശിക്കാനെത്തുന്നവരെ കെട്ടിപ്പിടിച്ച് വികാരഭരിതയായി അലമുറയിട്ടു കരഞ്ഞിരുന്ന രാജേശ്വരിയുടെ ആരോഗ്യസ്ഥിതി ദിവസംചെല്ലുംതോറും വഷളായതോടെ ആശുപത്രിയില്‍ സന്ദര്‍ശകരെ നിരോധിച്ചിരുന്നു.
കഴിഞ്ഞ കുറച്ചു നാളായി ആരെയും സന്ദര്‍ശനത്തിന് അനുവദിച്ചിരുന്നില്ല. മാനസികാവസ്ഥ ശാന്തമായതോടെ ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണമാണിപ്പോള്‍ രാജേശ്വരിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്. ജിഷയുടെ കുടുംബത്തിനുള്ള കെപിസിസിയുടെ സാമ്പത്തികസഹായം ഇന്ന് രാവിലെ 11.30ന് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍വച്ച് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ജിഷയുടെ മാതാവ് രാജേശ്വരിക്ക് നേരിട്ട് കൈമാറും.
Next Story

RELATED STORIES

Share it