ജിഷയുടെ കൊലപാതകത്തിന്് ഒരുമാസം; പ്രതിയെ കണ്ടെത്താനാവാതെ അന്വേഷണസംഘം

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിനിരയായി ദലിത് നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ടിട്ട് ഒരുമാസം പിന്നിട്ടിട്ടും കൊലപാതകിയെ കണ്ടെത്താനാവാതെ പോലിസ് ഇരുട്ടില്‍ തപ്പുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ കേസിന്റെ അന്വേഷണം കഴിഞ്ഞ ദിവസം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണസംഘത്തെ ഏല്‍പ്പിച്ചിരുന്നു. പുതിയ അന്വേഷണസംഘം ഇന്നുമുതല്‍ പുനരന്വേഷണം ആരംഭിക്കും. ഇന്നലെ ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം പഴയ അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്നു വാങ്ങി പരിശോധിച്ചു. ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ വട്ടോളിപ്പടി കനാല്‍ പുറമ്പോക്കില്‍ ജിഷ ദാരുണമായി കൊലചെയ്യപ്പെട്ടത്. രാത്രി എട്ടുമണിയോടെ ജിഷയുടെ മാതാവ് രാജേശ്വരി വീട്ടിലെത്തിയപ്പോഴാണ് ജിഷയുടെ കൊലപാതകം പുറംലോകം അറിയുന്നത്. തലയ്ക്ക് പിന്നില്‍ അടിയേറ്റുണ്ടായ മുറിവും നെഞ്ചില്‍ ആഴത്തിലുള്ള രണ്ടു മുറിവുമുള്‍പ്പെടെ മൃതദേഹത്തില്‍ 38 മുറിവുകളാണുണ്ടായിരുന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു. അകത്തുനിന്നു വാതില്‍ കുറ്റിയിട്ട നിലയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പുറമെനിന്നുള്ള ഭക്ഷണം കഴിച്ചതായും സൂചിപ്പിക്കുന്നുണ്ട്. കൂടാതെ ലഹരിപദാര്‍ഥവും ജിഷയുടെ ശരീരത്തില്‍ ഉണ്ടായിരുന്നതായി ആന്തരികാവയവങ്ങളുടെ രാസപരിശോധനയില്‍ വ്യക്തമാക്കപ്പെട്ടിരുന്നു. പുറമ്പോക്കില്‍ താമസിക്കുന്ന ദലിത് യുവതിയായതിനാലും ബന്ധുക്കളാരും സമീപിക്കാതിരുന്നതിനാലും സംഭവം പോലിസ് തുടക്കം മുതല്‍ നിസ്സാരവല്‍ക്കരിക്കുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് ചില മാധ്യമങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് സംഭവം രാജ്യം ഏറ്റെടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയക്കാരും മുതലെടുത്തു.  വിവിധ സംഘടനകളും ജിഷ വധത്തെ പൊതുസമൂഹത്തിലേക്കെത്തിച്ചു. എന്നാല്‍, പ്രതിയെ പിടികൂടാന്‍ തിരഞ്ഞെടുപ്പിനു മുമ്പ് സര്‍ക്കാര്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും നടന്നില്ല. ഇതരസംസ്ഥാനക്കാരാണെന്ന ധാരണയില്‍ അവിടങ്ങളില്‍ പോയി സംശയിക്കുന്നവരെ പിടികൂടി ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ജിഷയുടെ മാതാവ് രാജേശ്വരി നിരന്തരമായി അയല്‍വാസികളെ സംശയിച്ചതിനാല്‍ കേസന്വേഷണം ഒരുഘട്ടത്തില്‍ അയല്‍വാസികളെ മാത്രം കേന്ദ്രീകരിച്ച് ആയിരത്തിലധികം പേരുടെ വിരലടയാളവും മറ്റും ശേഖരിച്ചെങ്കിലും ഫലം വിപരീതമായിരുന്നു. ഇതിനിടയില്‍ പെരുമ്പാവൂര്‍ ആശുപത്രിയില്‍ കിടന്നിരുന്ന രാജേശ്വരിയെ കാണാന്‍ പ്രമുഖന്‍മാരുടെ നീണ്ടനിര ഒഴുകിയെത്തി. ഇതും രാഷ്ട്രീയ മുതലെടുപ്പ് തന്നെയായിരുന്നു. മാതാവിന്റെ പക്കലുള്ള അക്കൗണ്ടിലേക്ക് ഒരുകോടി 10 ലക്ഷം രൂപ സഹായമായി ലഭിച്ചു. വീടുപണിയും സഹോദരി ദീപയ്ക്ക് ജോലിയും രാജേശ്വരിക്ക് പ്രതിമാസം പെന്‍ഷനും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍, പ്രതി ഇപ്പോഴും മറഞ്ഞിരിക്കുകയാണ്. ഇതിനിടയില്‍ പ്രദേശത്തെ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളാണ് ജിഷയെന്നും സ്വത്ത് നല്‍കാത്തതിനെ തുടര്‍ന്ന് ഡിഎന്‍എ ടെസ്റ്റ് നടത്തി താന്‍ ഇതു തെളിയിക്കുമെന്ന് ജിഷ പറഞ്ഞതിനെ തുടര്‍ന്നാണ് ജിഷയെ കൊലപ്പെടുത്തിയതെന്നുമുള്ള വാദഗതി ഉയര്‍ന്നുവന്നത് വിവാദത്തിന് തിരക്കൊളുത്തി. സര്‍ക്കാര്‍ മാറിവരുന്ന മുറയ്ക്ക് ജിഷ വധത്തെ സംബന്ധിച്ച് എല്‍ഡിഎഫ് പല പ്രഖ്യാപനങ്ങളും നടത്തിയതോടെ മുഖംരക്ഷിക്കേണ്ടത് എല്‍ഡിഎഫിന് ആവശ്യമായി വന്നതിനാലാണ് പഴയ 120ഓളം വരുന്ന അന്വേഷണസംഘത്തെ മാറ്റി എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ അന്വേഷണം പുനരാരംഭിച്ചത്.
Next Story

RELATED STORIES

Share it