kozhikode local

ജിഷയുടെ കൊലപാതകം: സംഭവം രാഷ്ട്രീയവല്‍കരിക്കരുത്: കാനം രാജേന്ദ്രന്‍

കോഴിക്കോട്: പെരുമ്പാവൂര്‍ ജിഷയുടെ മരണത്തില്‍ മനുഷ്യത്വമാണ് വലുതെന്നും സംഭവത്തെ രാഷ്ട്രീയവല്‍കരിക്കുന്നത് ശരിയല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒരു കേസിനെക്കുറിച്ച് പരാമര്‍ശിക്കാനെ പാടില്ലെന്ന നിലപാട് ജനാധിപത്യവിരുദ്ധമാണ്. ഈ സംഭവത്തില്‍ ഏറെ ദുരൂഹതകള്‍ ഉണ്ട്. ക്രമസമാധാനവും നിയമവാഴ്ചയും ഇല്ലാതാവുന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളത്. നിര്‍ഭയ കേസിനുശേഷം സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി നിയമഭേദഗതികള്‍ നടത്തിയിട്ടുണ്ടെങ്കിലും അതെല്ലാം നടപ്പാക്കാന്‍ സര്‍ക്കാര്‍ മടിക്കാണിക്കുകയാണെന്നു കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇതിന്റെയൊക്കെ ഉത്തവരാദിത്വം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമാണ്.
കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച കേരളസഭ-2016 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് 6,329 കുട്ടികളെ കാണാതായി. ഇതില്‍ പകുതിയും പെണ്‍കുട്ടികളാണ്. ഇതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാരിന് പിന്‍മാറാന്‍ കഴിയില്ല. പുറമ്പോക്ക് ഭൂമിയിലായിരുന്നു ജിഷയുടെ കുടുംബം കഴിഞ്ഞിരുന്നത്. ഇതിനും മുഖ്യമന്ത്രി മറുപടി പറയേണ്ടതുണ്ടെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. എങ്കില്‍, 15 വര്‍ഷമായി പെരുമ്പാവൂരിലെ എംഎല്‍എ ആയ സിപിഎമ്മിലെ സാജു പോളിനും സംഭവത്തില്‍ ഉത്തരവാദിത്തമില്ലേയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. എംഎല്‍എയ്ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് അദ്ദേഹം മറുപടി നല്‍കി.
കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പെരുമ്പാവൂര്‍ കേസില്‍ ശക്തമായ നിയമ നടപടി വേണം. എന്നാല്‍ ഇടതുപക്ഷം വധശിക്ഷയെ എതിര്‍ക്കുന്ന—തായും കാനം പറഞ്ഞു. വധശിക്ഷ പ്രാകൃതമായ ശിക്ഷാനടപടിയാണെന്നും ഭൂരിപക്ഷം പുരോഗമനവാദികളും വിധശിക്ഷയെ എതിര്‍ക്കു—ന്നവരുമാണെന്നും കാനം രാജേന്ദ്രന്‍ കൂട്ടിചേര്‍ത്തു. അഞ്ച് വര്‍ഷമായി അഴിമതിയുടെ ചെളികുണ്ടില്‍ വീണുകിടക്കുന്ന യുഡിഎഫ് ഭരണത്തിനു പകരം അഴിമതി രഹിത ഭരണം ഇടതുപക്ഷ ഭരണത്തില്‍ ഉണ്ടാവും. എല്‍ഡിഎഫിന് എത്ര സീറ്റുകിട്ടുമെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍, മികച്ച ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് ഭരണത്തില്‍ വരും. കേരളത്തിന്റെ രാഷ്ട്രീയം ബിജെപി-കോണ്‍ഗ്രസ് ബന്ധത്തിന്റെ തെളിവാണ്. കോഴിക്കോട് കോര്‍പറേഷനിലും ഈ ബന്ധത്തിന് തെളിവുണ്ടെന്നു അദ്ദേഹം പറഞ്ഞു. മതനിരപേക്ഷത സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനാവില്ലെന്നും അതിന് പ്രാപ്തമായത് ഇടതുപക്ഷം തെന്നയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, ജോയിന്റ് സെക്രട്ടറി കെ സി റിയാസ്, ട്രഷറര്‍ വിപുല്‍ നാഥ് പങ്കെടുത്തു.
Next Story

RELATED STORIES

Share it