Flash News

ജിഷയുടെ കൊലപാതകം ; പ്രതിയെത്തേടി പോലിസ് ബംഗ്ലാദേശ് അതിര്‍ത്തിയിലേക്ക്

ജിഷയുടെ   കൊലപാതകം ; പ്രതിയെത്തേടി പോലിസ് ബംഗ്ലാദേശ് അതിര്‍ത്തിയിലേക്ക്
X
jisha-murder-case
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനു വിധേയമായി കൊല്ലപ്പെട്ട ദലിത് നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകിയെ കണ്ടെത്താനുള്ള അന്വേഷണം ബംഗ്ലാദേശ് അതിര്‍ത്തിവരെയെത്തി. സംഭവത്തിനു ശേഷം നാട്ടില്‍ നിന്ന് അപ്രത്യക്ഷരായവരിലേക്കും പോലിസ് അന്വേഷണം വ്യാപിപ്പിച്ചു. ജിഷയുടെ ശരീരത്തില്‍ നിന്നു ലഭിച്ച ഉമിനീര്‍ മാതാവിന്റേതെന്നാണു സൂചന. ഘാതകന്‍ പോലിസ് കസ്റ്റഡിയിലുള്ള ഹരികുമാര്‍ എന്ന ബംഗാള്‍ സ്വദേശിയണെന്ന നിഗമനത്തില്‍ പോലിസ് നേരത്തെ എത്തിയിരുന്നെങ്കിലും ഇത് പൂര്‍ണമായും ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള ജിഷയുടെ പുറത്തെ കടിയേറ്റ പാട് പല്ലുകള്‍ക്ക് ഒരു സെന്റിമീറ്റര്‍ വിടവുള്ള ഒരാളുടേതാണെന്ന് പോലിസ് നേരത്തെ ഉറപ്പിച്ചിരുന്നു. കസ്റ്റഡിയിലുള്ള ഹരികുമാറിന് ഇത്തരത്തില്‍ പല്ലിനു വിടവുണ്ട്. സാഹചര്യത്തെളിവുകള്‍ കൂട്ടിയിണക്കിയാണ് ഹരികുമാറാണു കൊലയാളിയെന്ന നിഗമനത്തില്‍ പോലിസ് എത്തിയത്. ജിഷ കൊല്ലപ്പെട്ട സമയത്ത് ജിഷയുടെ വീടിന് പരിസരത്തു തന്നെ ഇയാള്‍ ഉണ്ടായിരുന്നതായി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നെങ്കിലും അന്തിമ തീരുമാനത്തിലെത്താന്‍ പോലിസിനു കഴിഞ്ഞിട്ടില്ലെന്നാണു സൂചന. ഇതിനാലാണ് ഇപ്പോഴും പോലിസ് പ്രതിക്കായുള്ള അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിയെ തേടി പോലിസ് ബംഗ്ലാദേശ് അതിര്‍ത്തിവരെ എത്തിയതായും സൂചനയുണ്ട്. ഇതിനര്‍ഥം ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരിലാരും പ്രതിയല്ലെന്ന് പോലിസ് കരുതുന്നു എന്നാണ്. കസ്റ്റഡിയിലുള്ള ഒരു ഉത്തരേന്ത്യക്കാരനില്‍ നിന്ന് ജിഷയുടെ ഫോണിലേക്ക് ഒമ്പത് കോളുകള്‍ വന്നതായി തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, ഇയാള്‍ കൊലപാതകം നടത്തിയിട്ടില്ലെന്നാണ് ചോദ്യംചെയ്യലില്‍ പോലിസിനു വ്യക്തമാവുന്നത്. ജിഷയുടെ വീടിന് സമീപപ്രദേശത്തുള്ളതും ഇപ്പോള്‍ നാട്ടിലില്ലാത്തവരുമായവരെക്കുറിച്ചും പോലിസ് പ്രത്യേകസംഘം അന്വേഷണം നടത്തുകയാണ്. ഒരാള്‍ മാത്രമല്ല കൊലപാതകത്തില്‍ പങ്കെടുത്തിരിക്കുന്നതെന്നാണ് പോലിസ് നിഗമനം. ജിഷയുടെ വസ്ത്രത്തില്‍ നിന്നു കണ്ടെത്തിയ ഉമിനീര്‍ മാതാവ് രാജേശ്വരിയുടേതാണെന്ന സൂചനയുണ്ട്. മൃതദേഹത്തില്‍ മാതാവ് ആലിംഗനം ചെയ്തപ്പോള്‍ വീണതാവാമെന്നാണു കരുതുന്നത്. എന്നാല്‍, ഇങ്ങനെയൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പക്ഷം. ജിഷയുടെ മാതാവ് രാജേശ്വരിയെ പോലിസ് ഇന്നലെ മണിക്കൂറുകളോളം ചോദ്യംചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ 570ഓളം നാട്ടകാരുടെ വിരലടയാളം പോലിസ് ശേഖരിച്ചുകഴിഞ്ഞു. ഇതോടൊപ്പം വിടവുള്ള പല്ലുകളുള്ളവരെ ആപ്പിള്‍ കടിപ്പിച്ച് വിടവിന്റെ അളവു പരിശോധനയും നടത്തിയിരുന്നു. അതേസമയം പ്രതികളെക്കുറിച്ച്  മൊഴി നല്‍കിയവര്‍ ഇപ്പോഴും എല്ലാ വിവരങ്ങളും കൃത്യമായി നല്‍കിയിട്ടില്ലെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. മൊഴി നല്‍കിയവരില്‍ ചിലര്‍ ആരെയോ ഭയപ്പെടുന്നതായും പോലിസിനു സംശയമുണ്ട്.
Next Story

RELATED STORIES

Share it