ജിഷയുടെ കൊലപാതകം: പെരുമ്പാവൂരില്‍ സമാനതകളില്ലാത്ത പ്രതിഷേധം; ആളിക്കത്തുന്ന പ്രതിഷേധാഗ്നി, ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം

ഷബ്‌ന സിയാദ്

പെരുമ്പാവൂര്‍: ജിഷയെ കൊന്നവനെ ഞങ്ങള്‍ക്ക് വിട്ടുതാ, അവനെ എന്ത് ചെയ്യണമെന്ന് ഞങ്ങ ള്‍ക്കറിയാം. പോലിസും കോടതിയുമൊന്നും ഇവന്‍മാരെ ഒന്നും ചെയ്യില്ല. കണ്ടില്ലേ, പാവമൊരു പെങ്കൊച്ചിനെ ഞരിച്ചു കൊന്നവന്‍ തിന്ന് കൊഴുക്കുന്നത്. ചൂണ്ടിയില്‍ നിന്നെത്തിയ ധന്യയുടെ പ്രതിഷേധം അണപൊട്ടിയപ്പോള്‍ പെരുമ്പാവൂര്‍ താലൂക്കാശുപത്രി പരിസരത്തു നിന്ന ഓരോ സ്ത്രീകളും പൊട്ടിത്തെറിച്ചു. പോലിസിന് പ്രതിയെ പിടിക്കാന്‍ പറ്റുന്നില്ലെങ്കില്‍ പൊതുജനത്തെ ആ ജോലി ഏല്‍പിക്ക്. അവര്‍ ചെയ്യട്ടെ. ഒരമ്മയും മകളും ജീവിക്കാന്‍ വേണ്ടി ഓട്ടപ്പാച്ചില്‍ നടത്തിയപ്പോള്‍ എവിടെയായിരുന്നു ഈ സന്ദര്‍ശകരൊക്കെ. എംഎല്‍എയും മന്ത്രിയുമൊന്നും ഈ പാവങ്ങളെ സഹായിക്കാനുണ്ടായില്ലെന്നാണ് കരഞ്ഞുകൊണ്ട് മറ്റൊരു സ്ത്രീയുടെ പ്രതികരണം.
ജിഷയുടെ മാതാവിനെയും സഹോദരിയേയും കാണുന്നതിന് വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇന്നലെ രാവിലെ മുതല്‍ നിരവധി പേര്‍ താലൂക്കാശുപത്രി പരിസരത്ത് എത്തിയിരുന്നു. ഇതില്‍ കൂടുതലും സാധാരണക്കാരികളായ വീട്ടമ്മമാരായിരുന്നു. അവരൊന്നും ഒരു സംഘടനയുടെയും ഭാഗമായിരുന്നില്ല. വാര്‍ത്തകളില്‍ മാത്രം കേട്ടറിഞ്ഞിട്ടുള്ള ഈ ക്രൂരത സ്വന്തം നാട്ടിലുമുണ്ടായെന്നറിഞ്ഞതിന്റെ ഞെട്ടലില്‍ ഓടിയെത്തിയവരായിരുന്നു അവര്‍. സമാനതകളില്ലാത്ത പ്രതിഷേധവും പ്രകടനവുമാണ് പെരുമ്പാവൂരില്‍ നടന്നുകൊണ്ടിരിക്കുന്നത്.
വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തിറങ്ങുന്നതിനൊടൊപ്പം യുവതയുടെ പ്രതിഷേധ തീ പെരുമ്പാവൂരില്‍ ആളിക്കത്തുകയാണ്. കുടല്‍മാല പുറത്തുചാടിയ നിലയില്‍ ചോരയില്‍ കുളിച്ച പെണ്‍കുട്ടിയുടെ വേഷത്തില്‍ എത്തിയ പെണ്‍കുട്ടിക്ക് പിന്നി ല്‍ അണിനിരന്നും ഞങ്ങള്‍ വോട്ട് ചെയ്യില്ലെന്ന് ആവര്‍ത്തിച്ച് വിളിച്ചുമൊക്കെ ചെറുപ്പക്കാര്‍ പ്രതിഷേധത്തിനിറങ്ങി. എന്നാല്‍, ഇതില്‍ നിന്നെല്ലാം വിത്യസ്തമായി ഒറ്റപ്പെട്ട സ്ത്രീകളുടെ പ്രതിഷേധം മൂര്‍ച്ഛയേറിയ വാക്കുകളിലൂടെയായിരുന്നു.
ജിഷ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മാതാവ് രാജേശ്വരി താന്‍ ജോലി ചെയ്ത സ്വകാര്യ സ്ഥാപനത്തില്‍ സഹായം തേടി യെത്തിയതിന്റെ ഓര്‍മയിലാണ് ഒക്കലില്‍ നിന്നെത്തിയ രോഹിണി. തന്റെ വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ സഹായം നല്‍കണമെന്ന ഒരു കത്തുമായാണ് രാജേശ്വരി ഓഫിസിലെത്തിയത്. എന്നാല്‍, അവരോട് പഞ്ചായത്തിലോ മറ്റ് സംവിധാനങ്ങളിലോ അപേക്ഷ നല്‍കണമെന്ന ഉപദേശം നല്‍കി സ്ഥാപനത്തിലെ മാനേജര്‍ 30 രൂപ ചായകുടിക്കാന്‍ കൊടുത്ത് പറഞ്ഞയക്കുകയായിരുന്നു. അവര്‍ കുറെസമയം അവിടെ നിന്ന് തന്റെ സങ്കടങ്ങള്‍ പങ്കുവച്ചതായും രോഹിണി പറയുന്നു.
പ്രദേശത്തെ എംഎല്‍എയെയും പഞ്ചായത്ത് മെംബറെയും നിരവധി തവണ കണ്ടിട്ടും ഫലമില്ലെന്നും ആരും സഹായിക്കാനില്ലെന്നും രാജേശ്വരി പറഞ്ഞു. ആ അമ്മ ഒരു മകളെ വളര്‍ത്താനും താമസിപ്പിക്കാനുമല്ലേ ഈ കഷ്ടപ്പാടൊക്കെ പെട്ടത്. ഇനി അവര്‍ക്കെന്ത് കിട്ടിയിട്ടെന്തിനെന്നായിരുന്നു രോഹിണിയുടെ പ്രതികരണം.
എന്തിനാണ് പ്രതികളെ പിടികൂടുമ്പോള്‍ മുഖംമൂടി അണിയിച്ചു കൊണ്ടുപോവുന്നത്. ഇവന്‍മാരെയൊക്കെ എല്ലാവരും കാണട്ടെ. ജിഷയെ കൊന്നവനെ പിടികൂടിയാല്‍ ഈ പെരുമ്പാവൂരില്‍ കൂടി നടത്തണം. അവനെ ഈ തെരുവില്‍ ഞങ്ങള്‍ കൈകാര്യം ചെയ്‌തോളാമെന്നാണ് അജിത പറയുന്നത്. അജിതയ്‌ക്കൊപ്പം പ്രതിഷേധത്തില്‍ പങ്ക് ചേര്‍ന്നത് മൂവാറ്റുപുഴ കാലാമ്പൂര്‍ സ്വദേശിയായ മനോജായിരുന്നു. പരസ്യവിചാരണ നടത്തി വധശിക്ഷയാണ് ഇത്തരക്കാര്‍ക്കെതിരേ നടപ്പാക്കേണ്ടതെന്ന മനോജിന്റെ അഭിപ്രായത്തെ കൈയടിച്ചാണ് സ്ത്രീകള്‍ സ്വീകരിച്ചത്. സ്ത്രീകള്‍ക്ക് പുറത്തിറങ്ങാ ന്‍ പറ്റാത്ത അവസ്ഥയാണിപ്പോഴുള്ളതെന്നാണ് ഇന്നലെ ആശുപത്രിയില്‍ പോയ സ്ത്രീയുടെ പഴ്‌സ് തട്ടിപ്പറിച്ച് അവരെ തള്ളിയിട്ട് ബൈക്കിലെത്തിയവര്‍ കടന്നുകളഞ്ഞത് നേരിട്ട് കണ്ട ബിന്ദു പറയുന്നത്.
പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ വലിയ കൂട്ടമാണുള്ളത്. ഇവന്‍മാരെയൊക്കെ പോലിസും മറ്റുള്ളോരും ശ്രദ്ധിക്കാറില്ല. കഞ്ചാവും കള്ളും വ്യാപകമായിട്ടും എല്ലാവരും കണ്ണടച്ചിരിക്കുകയാണെന്നായിരുന്നു മറ്റൊരു സ്ത്രീയുടെ പ്രതികരണം. എന്തുകൊണ്ടാണ് പോലിസും ഡോക്ടര്‍മാരുമൊന്നും ഈ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രവര്‍ത്തിക്കാത്തത്. ഇതില്‍ ദുരൂഹതയില്ലേയെന്നായിരുന്നു റൈഹാനത്തിന്റെ ചോദ്യം. ഇനിയൊരു പെണ്‍കുട്ടിയും ഇങ്ങനെ മരിക്കാനിടവരരുതെന്ന പ്രാര്‍ഥനയോടെയാണ് ഓരോ സ്ത്രീകളും പെരുമ്പാവൂര്‍ താലൂക്കാശുപത്രിക്ക് ചുറ്റും കൂടിയത്.
Next Story

RELATED STORIES

Share it