ജിഷയുടെ കൊലപാതകം: നാട്ടുകാരുടെ വിരലടയാളം ശേഖരിക്കുന്നു

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകം നടന്ന് 13 ദിവസം പിന്നിട്ടിട്ടും പ്രതി ആരെന്നറിയാതെ പോലിസ് അന്വേഷണം നാട്ടുകാരിലേക്കു വ്യാപിപ്പിക്കുന്നു. ഇന്നലെ സമീപപ്രദേശങ്ങളിലുള്ള വീടുകളിലെ ആരോഗ്യമുള്ള എല്ലാവരുടെയും വിരലടയാളം പോലിസ് ശേഖരിച്ചു. രായമംഗലം പഞ്ചായത്ത് ഒന്ന്, 20 വാര്‍ഡുകളിലെ 18 വയസ്സ് മുതല്‍ 70 വയസ്സ് വരെയുള്ള ആരോഗ്യമുള്ളവരുടെ വിരലടയാളമാണ് അന്വേഷണസംഘം ശേഖരിക്കുന്നത്. വൈകുന്നേരത്തോടെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ബാക്കി പരിശോധന ഇന്നു തുടരും.
ഇരുവാര്‍ഡുകളിലെയും പുതിയ വോട്ടര്‍പ്പട്ടികയുടെ അടിസ്ഥാനത്തിലാണ് പരിശോധന. സ്ഥലത്തില്ലാത്തവരെയെല്ലാം വിളിച്ചുവരുത്തിയും വിരലടയാള പരിശോധന തുടരും. അടുത്തിടെ താമസം മാറ്റിയ ആളുകളെയും വിളിച്ചുവരുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ജിഷയുടെ വീട്ടില്‍നിന്നു രണ്ടു വിരലടയാളം മാത്രമാണ് പോലിസിന് തെളിവായി ലഭിച്ചത്. നിലവില്‍ ശേഖരിക്കുന്ന വിരലടയാളങ്ങളും ബംഗളൂരുവിലെ ആധാര്‍ കേന്ദ്രത്തിലേക്ക് അയക്കും. ഇതിനിടെ ജിഷയുമായും സഹോദരി ദീപയുമായും അടുത്ത ബന്ധമുള്ള പ്രദേശവാസികളല്ലാത്ത രണ്ട് സ്ത്രീകളെ പോലിസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം കണ്ടെടുത്ത ദീപയുടെ രണ്ടാമത്തെ ഫോണിലും ജിഷയുടെ ഫോണിലും ഇവര്‍ പലപ്പോഴായി ബന്ധപ്പെട്ടിരുന്നു. ഇവര്‍ ആശുപത്രിയില്‍ ജിഷയുടെ മാതാവിനെയും ദീപയെയും പലതവണ സന്ദര്‍ശിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം ജിഷയുടെ രണ്ടാമത്തെ മൊബൈല്‍ കണ്ടെത്താന്‍ ഇതുവരെ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. ഈ ഫോണ്‍ കൊലനടത്തിയവര്‍ കൈക്കലാക്കിയെന്നാണ് പോലിസ് നിഗമനം. കുറ്റകൃത്യം നടക്കുമ്പോള്‍ ഒന്നിലധികംപേരുണ്ടായിരുന്നുവെന്നും പോലിസിന് സംശയമുണ്ട്.
Next Story

RELATED STORIES

Share it