ernakulam local

ജിഷയുടെ കൊലപാതകം: കൊല്ലം സ്വദേശി കലക്ടറേറ്റ് കാംപസിലെ മരത്തിനുമുകളില്‍ കയറിയിരുന്നു പ്രതിഷേധിച്ചു

കാക്കനാട്: പെരുമ്പാവൂരില്‍ ജിഷയുടെ കൊലപാതകതത്തില്‍ ജില്ലാ ഭരണകൂടം ശക്തമായി ഇടപെടണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി മേക്കോണ്‍ മുരുകന്‍ കാക്കനാട് കലക്ടറേറ്റ് കാംപസിലെ കൂറ്റന്‍ മരത്തിനുമുകളില്‍ കയറിയിരുന്നു പ്രതിഷേധിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.
മുരുകന്‍ ആത്മഹത്യാ ഭീഷണിമുഴക്കിയില്ലെങ്കിലും പോലിസിനേയും ഫയര്‍ഫോഴ്‌സിനേയും അരമണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തി. കൈയില്‍ കരുതിയിരുന്ന കയര്‍ ഉപയോഗിച്ച് മരക്കൊമ്പുമായി ശരീരം ബന്ധിച്ച് സുരക്ഷിതമായാണ് മരത്തില്‍ കൊമ്പുകള്‍ക്കിടയില്‍ മുരുകന്‍ ഇരുന്നത്.
ഫയര്‍ഫോഴ്‌സുകാര്‍ മുരുകനോട് താഴേക്കിറങ്ങാന്‍ അറിയിച്ചപ്പോള്‍ കൈകാലുകള്‍ വിറക്കുന്നുവെന്ന് മുരുകന്‍ പറഞ്ഞു. കയര്‍കെട്ട് ഒഴിവായാല്‍ താഴേക്കുവീഴുമെന്ന് മുരുകന്‍ പറഞ്ഞപ്പോള്‍ ഫയര്‍ ഫോഴ്‌സിന്റെ വലിയ ലാഡര്‍ മരത്തില്‍ ചേര്‍ത്ത് കെട്ടിയശേഷം സാവധാനത്തില്‍ താഴെയിറക്കി പോലിസിനു കൈമാറുകയായിരുന്നു. ജിഷ വധക്കേസിലെ പ്രതികളെ എത്രയും വേഗം കണ്ടെത്തുക, നിരവധി സ്ത്രീകളാണ് ഇതേരീതിയില്‍ കൊല്ലപ്പെടുന്നത് ഇത്തരത്തിലുള്ള ക്രൂരമായ കുറ്റങ്ങളില്‍ പ്രതികളാവുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും സാധാരണ തടവുശിക്ഷ നല്‍കി ജയിലുകളിലെ സുഭിക്ഷമായ ഭക്ഷണവും കഴിച്ച് പുറത്തിറങ്ങുന്ന രീതിയാണ് ഇത്തരം കുറ്റങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനമാവുന്നതെന്നുമുള്ള അച്ചടിച്ച ലഘുലേഖകളും മേക്കോണ്‍ മുരുകന്‍ വിതരണം ചെയ്തു.
ജില്ലാ കലക്ടറെ നേരില്‍കണ്ട് വിഷയം അവതരിപ്പിക്കണമെന്നു മുരുകന്‍ ആവശ്യപ്പെട്ടുവെങ്കിലും പോലിസ് അംഗീകരിച്ചില്ല. തൃക്കാക്കര പോലിസ് സ്‌റ്റേഷനിലെത്തിച്ച് പൊതുശല്യക്കാരന്‍ എന്ന കുറ്റത്തിന് കേസെടുത്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. തൃക്കാക്കര എസ്‌ഐ വിപിന്‍ ദാസിന്റെ നേതൃത്വത്തില്‍ പോലിസും തൃക്കാക്കര അസി. ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ പി ആര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ഫയര്‍ യൂനിറ്റുമാണ് സംഭവസ്ഥലത്തെത്തിയത്.
Next Story

RELATED STORIES

Share it