ജിഷയുടെ കൊലപാതകം; കെപിഎംഎസ് ഐജി ഓഫിസ് മാര്‍ച്ച് നടത്തി

കൊച്ചി: ജിഷയുടെ കൊലപാതകം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള വ്യഗ്രതയിലാണ് രാഷ്ട്രീയ പാര്‍ട്ടികളെന്നും സമൂഹം അതു തിരിച്ചറിയണമെന്നും കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍. ജിഷയുടെ ഘാതകരെ കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയ പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് കെപിഎംഎസിന്റെ നേതൃത്വത്തില്‍ എറണാകുളം ഐജി ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടിക വിഭാഗത്തിനെതിരേ നടക്കുന്ന അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. ജിഷയെ ഒരു രാഷ്ട്രീയ ആയുധമായി കേരളത്തില്‍ ഉപയോഗിക്കരുതെന്നും ഈ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെളിവുകള്‍ സംരക്ഷിക്കാന്‍ പോലിസിനു കഴിഞ്ഞില്ല. ഇപ്പോഴത്തെ അന്വേഷണം തൃപ്തികരമല്ല. ജിഷയുടെ കൊലപാതകം അന്വേഷിക്കാന്‍ പോലിസ് സ്‌പെഷ്യല്‍ ടീമിനെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലിസ് ഇരുട്ടില്‍ തപ്പുകയാണെന്നും ഉന്നതരെ രക്ഷിക്കാനാണ് പോലിസ് ശ്രമിക്കുന്നതെന്നും മഹിളാ ഫെഡറേഷന്‍ പ്രവര്‍ത്തക ഷിജി സതീശന്‍ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ രാജേന്ദ്ര മൈതാനത്തു നിന്നാരംഭിച്ച മാര്‍ച്ച് ഐജി ഓഫിസിനു മുന്നില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് നഗരത്തില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി.
Next Story

RELATED STORIES

Share it