ernakulam local

ജിഷയുടെ കൊലപാതകം : ഒമ്പതുപേരെ പ്രതിഭാഗം സാക്ഷികളായി വിസ്തരിക്കാന്‍ അനുമതി



കൊച്ചി: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയായി ദലിത് നിയമ വിദ്യാര്‍ഥി ജിഷ കൊല്ലപ്പെട്ടകേസില്‍ ഒന്‍പത് സാക്ഷികളെ പ്രതിഭാഗം സാക്ഷികളായി വിസ്തരിക്കാന്‍ കോടതി അനുവദിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ അനില്‍കുമാറാണ് പ്രതിഭാഗം സാക്ഷികളെ വിസ്തരിക്കുന്നതിനു അനുവദിച്ചത്. ജിഷയുടെ പിതാവ് പാപ്പു, സഹോദരി ദീപ, പെരുമ്പാവൂര്‍ സ്വദേശിനി ശാന്താകുമാരി, പോലിസ് ഉദ്യോഗസ്ഥരായ ഹബീബ്, കെ എ മുഹമ്മദ് അഷ്‌റഫ്, സുനില്‍കുമാര്‍, കുറുപ്പംപടി സബ് ഇന്‍സ്‌പെക്ടര്‍, ആലുവ പോലിസ് ക്ലബ് ഉദ്യോഗസ്ഥന്‍, കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സി എന്‍ ഉണ്ണിരാജ എന്നിവരെ വിസ്തരിക്കാനാണ് അനുവദിച്ചത്. ആദ്യത്തെ നാലു സാക്ഷികളെ 14 നും മറ്റുള്ളവരെ 15നും കോടതിയില്‍ വിസ്തരിക്കും. ജിഷയുടെ മരണകാരണം സംബന്ധിച്ച കാര്യങ്ങളും മരണത്തിലേക്ക് നയിച്ച മുന്‍ കാരണങ്ങളും മനസ്സിലാക്കുന്നതിനാണ് പാപ്പുവിനെ വിസ്തരിക്കുന്നതെന്നു പ്രതിഭാഗം വ്യക്തമാക്കി. അതേസമയം ജിഷയുടെ പിതാവ് പാപ്പുവിനെ ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനു സമീപമുളള വഴിയില്‍ ഇന്നലെ ഉച്ചയോടെയാണ് പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് പാപ്പുവിനെ സാക്ഷി പട്ടികയില്‍ നിന്നും ഒഴിവാക്കും. പി പി തങ്കച്ചന്‍, വി എം സുധീരന്‍, ചെന്നിത്തല, ഡിജിബി ലോക്‌നാഥ് ബഹ്‌റ, മുന്‍ ഡിജിപിമാരായ ടി പി സെന്‍കുമാര്‍, ജേക്കബ് തോമസ്, ജിഷയുടെ അമ്മ രാജേശ്വരി എന്നിവരുള്‍പ്പെടെ 30 പേരെ വിസ്തരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഭാഗം ബുധനാഴ്ച അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ ഒമ്പതുപേരെ വിസ്തരിക്കാനാന് കോടതി അനുവദിച്ചത്.
Next Story

RELATED STORIES

Share it