ജിഷയുടെ കൊലപാതകം ഒന്നിലധികം പേര്‍ പിറകിലെന്ന് പോലിസിന് സംശയം

റഷീദ് മല്ലശ്ശേരി

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തിനു പിന്നില്‍ ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലിസിന് സംശയം. ഒരാളാണ് കൃത്യം നടത്തിയതെന്ന് പോലിസ് പലവട്ടം ആവര്‍ത്തിച്ചെങ്കിലും ഈ സാധ്യതയും തള്ളുന്ന തരത്തിലേക്കാണ് ഇപ്പോള്‍ കേസ് മുന്നോട്ടു പോവുന്നത്. ഒരാള്‍ക്ക് ഇത്ര കൃത്യമായി തെളിവുകള്‍ നശിപ്പിച്ച് കുറ്റകൃത്യം ചെയ്യാന്‍ സാധിക്കില്ലെന്നാണ് നിഗമനം. തെളിവുകള്‍ നശിപ്പിക്കുന്നതിന് കൃത്യമായ അവബോധമുള്ള ഒന്നോ അതിലധികമോ ആളുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ അവസാന വിലയിരുത്തല്‍. ജിഷയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ചില വ്യക്തികളെ ഇന്നലെ കുറുപ്പംപടി പോലിസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ജിഷയുടെ കുടുംബവുമായി അടുത്ത് ബന്ധമുള്ള ഒരാളെ ബംഗളൂരില്‍ നിന്നും കസ്റ്റഡിയിലെടുത്ത് ആലുവയില്‍ ചോദ്യം ചെയ്തുവരുകയാണെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെങ്കിലും ഇയാള്‍ നേരത്തേ തന്നെ പോലിസിന്റെ പിടിയിലായിരുന്നതായാണ് വിവരം. ഇയാള്‍ അന്നേ ദിവസം ജിഷയുടെ വീടിന്റെ പരിസരത്ത് വന്നതായി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇദ്ദേഹത്തെ പോലിസ് ചോദ്യം ചെയ്തു വരുകയാണ്. സംഭവം നടന്ന ദിവസം സമീപത്തുള്ള ഇരിങ്ങോള്‍ കാവിന് സമീപത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കണ്ടതായി സമീപവാസികള്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജിഷയുടെ വീടിന്റെ മൂന്നു കിലോ മീറ്റര്‍ ചുറ്റളവില്‍ അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. 60 ഏക്കറോളം വരുന്ന ഇരിങ്ങോള്‍ കാവും പരിസരത്തും ഇന്നലെ രാവിലെ മുതല്‍ വന്‍ പോലിസ് സന്നാഹത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതി കുറ്റകൃത്യം നടത്തിയതിന് ശേഷം ഇരിങ്ങോള്‍ കാവിലെ വനത്തിനുള്ളില്‍ വച്ച് വസ്ത്രം മാറിയിരിക്കാനും ആയുധങ്ങള്‍ ഇവിടെ ഉപേക്ഷിച്ചിരിക്കാനുമുള്ള സാധ്യതകളുടെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. അതിനു ശേഷം ജിഷയുടെ വീടിന് മുന്നിലൂടെ ഒഴുകുന്ന കനാലിലും പോലിസ് പരിശോധന നടത്തി. സമീപവീടുകളുടെ പറമ്പുകളിലും റോഡ് സൈഡുകളിലും പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയതായി സൂചനയില്ല. പരിശോധന ഇനിയും തുടരുമെന്ന് അന്വേഷണ സംഘം പറഞ്ഞു. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പോലിസ് തയ്യാറാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it