ജിഷയുടെ കൊലപാതകം: അമീറിനെ കാഞ്ചീപുരത്തെത്തിച്ച് തെളിവെടുപ്പു നടത്തി

പെരുമ്പാവൂര്‍: ജിഷ വധക്കേസിലെ പ്രതിയായ അമീറുല്‍ ഇസ്‌ലാമിനെ ഇന്നലെ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.— കൊലപാതകത്തിനു ശേഷം പെരുമ്പാവൂരില്‍ നിന്നു രക്ഷപ്പെട്ട അമീറുല്‍ ഇസ്‌ലാം കാഞ്ചീപുരത്തെ ഒരു കമ്പനിയില്‍ താല്‍ക്കാലിക ജീവനക്കാരനായി പ്രവേശിച്ചിരുന്നു. ഇവിടെ നിന്നുമായിരുന്നു പോലിസ് അമീറിനെ അറസ്റ്റ് ചെയ്തത്. ഇതേ തുടര്‍ന്നാണ് ഇന്നലെ കാഞ്ചീപുരത്തെ കമ്പനിയിലും അവിടെ ഒളിവില്‍ കഴിഞ്ഞ താമസസ്ഥലത്തും എത്തിച്ച് തെളിവെടുത്തത്.
കാഞ്ചീപുരത്ത് അമീര്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലം പൂട്ടിയിട്ടിരിക്കുകയായിരുന്നു.ഇതിന്റെ പൂട്ട് തകര്‍ത്താണ് അന്വേഷണസംഘം ഉള്ളില്‍ പ്രവേശിച്ചത്. കൊലപാതക സമയത്ത് അമീര്‍ ധരിച്ചിരുന്ന വസ്ത്രം പോലിസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. —ഈ വസ്ത്രം തീവണ്ടി യാത്രയ്ക്കിടയില്‍ ഉപേക്ഷിച്ചുവെന്നും കാഞ്ചീപുരത്തെ താമസസ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ടെന്നും രണ്ടു തരത്തില്‍ പ്രതി അമീര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.
എന്നാല്‍, ഇന്നലെ കാഞ്ചീപുരത്ത് നടത്തിയ പരിശോധനയില്‍ ഈ വസ്ത്രം കണ്ടെടുക്കാന്‍ സാധിച്ചില്ലെന്നാണ് അറിയുന്നത്. പ്രതിയെ ഇന്നു വൈകുന്നേരം പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വീണ്ടും ഹാജരാക്കും. തുടര്‍ന്ന് കൊലപാതകം നടന്ന ജിഷയുടെ വീട്ടിലും സമീപ പ്രദേശങ്ങളിലും തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെ അമീറിന്റെ സുഹൃത്ത് അനാറുലിനെ തേടി ക്രൈംബ്രാഞ്ച് സംഘം അസമില്‍ അന്വേഷണം നടത്തുന്നുമുണ്ട്.— കൊലപാതക വിവരം അനാറുലിനോട് അമീര്‍ വെളിപ്പെടുത്തിയിരുന്നതായി പോലിസിന് വിവരം ലഭിച്ചിരുന്നു.
അസമിലേക്ക് രക്ഷപ്പെട്ടു പോവുന്നതിനിടയില്‍ തീവണ്ടിയില്‍ വച്ചാണ് അനാറുലിനോട് കൊലപാതകവിവരം പറഞ്ഞതെന്ന് അമീര്‍ പോലിസിനോട് പറഞ്ഞതായാണ് വിവരം. എന്നാല്‍, ഇത് സ്ഥിരീകരിക്കണമെങ്കില്‍ അനാറുലിനെ കണ്ടെത്തിയാല്‍ മാത്രമെ കഴിയൂവെന്നാണ് അറിയുന്നത്.— നേരത്തേ അസമിലെത്തിയ സംഘം അനാറുലിനെ കണ്ടെത്തി ആദ്യഘട്ടം ചോദ്യം ചെയ്തിരുന്നെങ്കിലും പിന്നീട് ഇയാള്‍ മുങ്ങുകയായിരുന്നു.
ജിഷയുടെ കൊലപാതകം നടന്ന് മൂന്നാം ദിവസം ജിഷയുടെ വീടിന് സമീപത്തുള്ള കാട്ടില്‍നിന്നു കണ്ടെടുത്ത കത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണ് പോലിസിന്റെ വെളിപ്പെടുത്തല്‍. ഈ കത്തിയും ഇന്നു കോടതിയില്‍ സമര്‍പ്പിക്കും. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അമീറിന്റെ ഡിഎന്‍എ പരിശോധന റിപോര്‍ട്ടും ഇതോടൊപ്പം സമര്‍പിക്കും.
ജിഷ വധക്കേസുമായി ബന്ധപ്പെട്ട് എല്ലാ തെളിവെടുപ്പും പൂര്‍ത്തീകരിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. അതിനാല്‍ ഇനി പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വാങ്ങാന്‍ സാധ്യതയില്ല. ഇതിനിടെ കോടതിയില്‍നിന്നു പ്രതിക്ക് സഹായത്തിനായി ഏല്‍പ്പിച്ച അഭിഭാഷകന് പ്രതിയെ കണ്ടു സംസാരിക്കാന്‍ ഇതുവരെ അവസരം നല്‍കിയിട്ടില്ല. അതിനാല്‍ അദ്ദേഹം ഇന്നു കോടതിയില്‍ അപേക്ഷ നല്‍കും. പ്രതിയുടെ ഭാഗം കേട്ടതിന് ശേഷം പൂര്‍ണ വിവരങ്ങള്‍ പറയാമെന്ന് അഭിഭാഷകന്‍ പി രാജന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it