ജിഷയുടെ കൊലപാതകം; അന്വേഷണം വഴിതിരിക്കാനുള്ള ഗൂഢശ്രമം പരിശോധിക്കണം: സുധീരന്‍

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകത്തിന്റെ അന്വേഷണം വഴിതിരിച്ചുവിടാനുള്ള ചില വ്യക്തികളുടെ ഗൂഢശ്രമങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ജിഷയെയും കുടുംബത്തെയും അപമാനിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂരില്‍ നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദാരുണമായി കൊലചെയ്യപ്പെട്ട ജിഷയുടെ കൊലയാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയില്‍ സത്യത്തിന് നിരക്കാത്ത പ്രചാരണങ്ങള്‍ നടത്തി പുതിയ ചര്‍ച്ചകള്‍ സൃഷ്ടിക്കുന്നത് പൊതുസമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. ജിഷയുടെ കൊലപാതകം നടന്ന് ഒരുമാസം പിന്നിടുമ്പോള്‍ പൊതുപ്രവര്‍ത്തനരംഗത്ത് മാന്യതയുടെ മുഖമായ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനെതിരേ കള്ളപ്രചാരണം നടത്തുന്നത് കേസിന്റെ ഗതിമാറ്റുന്നതിന് വേണ്ടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജിഷയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തില്‍ ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് ഏറ്റവും ക്രൂരമായ പ്രവൃത്തിയാണെന്നും വി എം സുധീരന്‍ അഭിപ്രായപ്പെട്ടു. താന്‍ ജിഷയുടെ മാതാവുമായി സംസാരിച്ചു. ഇത്തരം അപവാദപ്രചാരണങ്ങള്‍ ഏറെ വേദന ഉണ്ടാക്കുന്നുവെന്ന് അവര്‍ പറഞ്ഞതായും വി എം സുധീരന്‍ പറഞ്ഞു.
സുഭാഷ് മൈതാനിയില്‍ നടന്ന കൂട്ടായ്മയില്‍ യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ എം പി അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു. തനിക്കെതിരേയുള്ള ഈ ആരോപണത്തിന് പിന്നിലെ താല്‍പര്യം എന്താണെന്ന് അന്വേഷണസംഘം കണ്ടെത്തണമെന്ന് ചടങ്ങില്‍ പങ്കെടുത്ത പി പി തങ്കച്ചന്‍ ആവശ്യപ്പെട്ടു. വി കെ ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, വി ഡി സതീശന്‍, അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി, കെ പി വര്‍ഗീസ് സംസാരിച്ചു. ജിഷയുടെ കുടുംബത്തിന് കെപിസിസി നല്‍കിയ ധനസഹായം ബാങ്കില്‍ നിക്ഷേപിച്ചതിന്റെ രേഖകളും മറ്റും കെപിസിസി സെക്രട്ടറി ടി എം സക്കീര്‍ ഹുസയ്ന്‍ വി എം സുധീരന് കൈമാറി.
Next Story

RELATED STORIES

Share it