ജിഷയുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്‌തേക്കും

പെരുമ്പാവൂര്‍: ജിഷ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ ജിഷയുടെ കുടുംബാംഗങ്ങളെ അന്വേഷണസംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നു. ജിഷയുടെ അമ്മ, പിതാവ്, സഹോദരി എന്നിവരെ ഉടന്‍ ചോദ്യംചെയ്യാനാണ് നീക്കം. ജിഷയുടെ അമ്മയില്‍ നിന്നു പലതവണ അന്വേഷണസംഘം മൊഴി എടുത്തിരുന്നുവെങ്കിലും പരസ്പര വിരുദ്ധമായാണ് അവര്‍ സംസാരിച്ചത്. ജിഷയുടെ ബന്ധുക്കളെ സംബന്ധിക്കുന്ന വ്യക്തമായ വിവരങ്ങളും കുടുംബാംഗങ്ങള്‍ നല്‍കിയിട്ടില്ല. ഇതേതുടര്‍ന്നാണ് വിശദമായ ചോദ്യംചെയ്യല്‍ അനിവാര്യമായത്.
ജിഷയുടെ അമ്മയെയും സഹോദരിയെയും ചോദ്യംചെയ്യണമെന്ന് മുന്‍ അന്വേഷണ സംഘവും ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും വിമര്‍ശനം നേരിടാനുള്ള സാധ്യത കണക്കിലെടുത്ത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ പോലിസ് വേട്ടയാടുന്നു എന്ന തരത്തില്‍ സംഭവം വഴിതിരിച്ചുവിടാനും സാധ്യതയുണ്ട്. ഇതേതുടര്‍ന്നാണ് മുന്‍ അന്വേഷണസംഘം ചോദ്യംചെയ്യലിനു തയ്യാറാവാതിരുന്നത്. എന്നാല്‍, പുതിയ സാഹചര്യത്തില്‍ അന്വേഷണസംഘത്തിനു പല കാര്യങ്ങളിലും വ്യക്തത വരുത്തേണ്ടതുണ്ട്.
മരണ ദിവസം ജിഷ വീട്ടില്‍ ഉണ്ടായിരുന്ന പഴവും ബ്രെഡുമാണ് കഴിച്ചിരുന്നതെന്നാണ് അമ്മ രാജേശ്വരിയുടെ മൊഴി. എന്നാല്‍, ജിഷയുടെ ആമാശയത്തില്‍ ഫ്രൈഡ്‌റൈസിന്റെ അവശിഷ്ടം പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ജിഷയുടെ അമ്മയും സഹോദരിയും ഇനിയും പൂര്‍ണമായും മനസ്സ് തുറക്കാത്തതാണ് അന്വഷണം മുന്നോട്ടു പോവുന്നതിന് തടസ്സമായി നില്‍ക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പോലിസ് മുറയില്‍ ചോദ്യംചെയ്താല്‍ ജിഷയുടെ അമ്മയില്‍ നിന്നുണ്ടാവാനിടയുള്ള പ്രതികരണത്തെയും ജനവികാരത്തെയും പോലിസ് ഭയക്കുന്നുണ്ട്.
പെരുമ്പാവൂരിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ അന്വേഷണസംഘം തുടരുകയാണ്. കഴിഞ്ഞ ദിവസം ലഭിച്ച ദൃശ്യങ്ങള്‍ ജിഷയുടേതാണെന്നും അല്ലെന്നും വാദമുണ്ട്. മുഖം വ്യക്തമല്ലാത്തതിനാല്‍ വ്യക്തത വരുത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it