Kollam Local

ജില്ല പനി ഭീഷണിയില്‍; മഴയെത്തും മുമ്പെ മുന്‍കരുതലുകളെടുക്കണമെന്ന് അധികൃതര്‍

കൊല്ലം: പകര്‍ച്ചപനിക്കും ഡെങ്കിക്കുമൊപ്പം ജില്ലയില്‍ ചെള്ള് പനിയും വ്യാപിക്കുന്നു. പനിക്ക് ചികില്‍സ തേടിയെത്തിയ രണ്ട് പേര്‍ക്ക് ചെള്ള്പനി സ്ഥിരീകരിച്ചു. കടയ്ക്കല്‍ നിലമേലിലും ചിതറ മാങ്കോടുമാണ് ചെള്ള്പനി സ്ഥിരീകരിച്ചത്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജില്ലയില്‍ ഇതുവരെ 211 പേര്‍ക്ക് ഡെങ്കിപനിയും 12 പേര്‍ക്ക് ചെള്ള്പനിയും 24 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. പകര്‍ച്ചപനി നിയന്ത്രണ വിധേയമാകാത്തതിനാല്‍ ഫോഗിങ്ങും പ്രതിരോധ മരുന്ന് വിതരണവും ആരംഭിച്ചു. എലി നശീകരണവും ശക്തമാക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തും എലിപ്പനിക്കും ചെള്ള്പനിക്കും പ്രതിരോധ മരുന്നുകള്‍ ലഭിക്കും. ജില്ലാ ആശുപത്രിയിലെ പനി കഌനിക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കും. താലൂക്ക് ആശുപത്രികളില്‍ ഒ.പിയ്ക്ക് ശേഷമുള്ള അത്യാഹിത വിഭാഗത്തിലും പനി ബാധിതര്‍ക്ക് ചികില്‍സ ലഭിക്കും. നെടുമണ്‍കാവ്, ഇട്ടിവ, വിളക്കുടി, അയിലം, ചവറ, പേരയം, ഈസ്റ്റ് കല്ലട തുടങ്ങിയ സ്ഥലങ്ങളിലാണ് ഡെങ്കിപനി സ്ഥിരീകരിച്ചത്. വരുന്ന ദിവസങ്ങളില്‍ മഴ ശക്തമാവുന്നതോടെ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it