Pathanamthitta local

ജില്ല പകര്‍ച്ചപ്പനി ഭീതിയില്‍; ഡിഎംഒ വിദേശ പര്യടനത്തില്‍

പത്തനംതിട്ട: ജില്ലയില്‍ പകര്‍ച്ചപ്പനി അടക്കം മഴക്കാല രോഗങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കടക്കം നേതൃത്വം നല്‍കേണ്ട ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വിദേശ പര്യടനത്തിനു പോയതിനെതിരേ ആക്ഷേപം ശക്തമാവുന്നു. 20 ദിവസത്തെ അവധിയെടുത്ത് ഒരാഴ്ച മുമ്പാണ് ഇവര്‍ കുടുംബസമേതം വിദേശയാത്രയ്ക്ക് പോയത്. ഇതിനെതിരേ ആരോഗ്യവകുപ്പില്‍ തന്നെ പ്രതിഷേധം ശക്തമാണ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പനി ബാധിതരുള്ള ജില്ലയാണ് പത്തനംതിട്ട. സാധാരണക്കാരായ നിരവധി ആളുകളാണ് ദിവസവും ജില്ലയിലെ പല ഭാഗങ്ങളിലുമുള്ള ആശുപത്രികളില്‍ ചികിത്സയ്ക്കായി എത്തുന്നത്. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് 1002 പേരാണ് പനിയും മറ്റ് അസുഖങ്ങള്‍ക്കുമായി ചികില്‍സ തേടിയത്.
ഇതില്‍ 15ഓളം പേര്‍ക്ക് ഡെങ്കിപ്പനി ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. കൂടാതെ മലയോര മേഖലയിലും ആദിവാസി മേഖലകളിലും പനിയും മറ്റ് മഴക്കാല രോഗങ്ങളും വന്‍തോതില്‍ വ്യാപകമാണ്.
യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഇവിടെ നിന്നും ജനങ്ങള്‍ക്ക് ചികിത്സാര്‍ഥം ആശുപത്രികളിലേക്ക് എത്താന്‍ ബുദ്ധിമുട്ടുണ്ട്. ആദിവാസി മേഖലയിലടക്കം രോഗങ്ങള്‍ ഇനിയും വര്‍ധിക്കാനുള്ള സാധ്യതയും ആരോഗ്യവകുപ്പ് മുന്നില്‍ കാണുന്നുണ്ട്. ഇതിനു പുറമേ ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരുടെ കുറവ് വിവിധ ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. മരുന്നുകളുടെ ലഭ്യതക്കുറവ് അടക്കമുള്ള പ്രശ്‌നങ്ങളുടെ പേരില്‍ ആരോഗ്യവകുപ്പിനെതിരേ ആക്ഷേപം ഉയര്‍ന്നഘട്ടത്തിലാണ് ഡിഎംഒയുടെ വിദേശ യാത്രയ്‌ക്കെതിരേ പ്രതിഷേധം ഉയരുന്നത്. ഡെപ്യൂട്ടി ഡിഎംഓ ഡോ. അനിതാ കുമാരിക്കാണ് നിലവില്‍ ഡിഎംഓയുടെ താല്‍ക്കാലിക ചുമതല.
Next Story

RELATED STORIES

Share it